യുക്രെയിന്‍ സമാധാന യോഗം സൗദി അറേബ്യയിലെ ജിദ്ദയില്‍ ആരംഭിച്ചു

രണ്ട് ദിവസത്തെ യുക്രെയ്ന്‍ സമാധാന യോഗം സൗദി അറേബ്യയിലെ ജിദ്ദയില്‍ ആരംഭിച്ചു. ചൈന, ഇന്ത്യ അടക്കം നാല്‍പത് രാജ്യങ്ങള്‍ പങ്കെടുക്കുന്ന യോഗത്തില്‍ റഷ്യക്ക് ക്ഷണമില്ല. ധാന്യ കയറ്റുമതി കരാറിലെ റഷ്യന്‍ പിന്മാറ്റം തന്നെയാകും യോഗത്തിലെ പ്രധാന ചര്‍ച്ച.

Also Read: വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി; പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാനകമ്പനികള്‍

40 ഓളം രാജ്യങ്ങളുടെ പ്രതിനിധികള്‍ യുക്രെയ്ന്‍- റഷ്യ യുദ്ധത്തിന് പരിഹാരം തേടി സൗദി അറേബ്യയിലെ ജിദ്ദയില്‍ ഒത്തുചേരുകയാണ്. യുദ്ധവിരുദ്ധപക്ഷം ചേര്‍ന്നിട്ടുള്ള ചൈനയുടെയും ഇന്ത്യയുടെയും സാന്നിധ്യം ഉച്ചകോടിയുടെ കൗതുകം കൂട്ടുന്നുണ്ട്. നേരത്തെ കോപ്പന്‍ഹേഗനില്‍ ചേര്‍ന്ന യുക്രെയ്ന്‍ സമാധാന ഉച്ചകോടിയില്‍ ചൈനീസ് പ്രതിനിധി പങ്കെടുത്തിരുന്നില്ല. എണ്ണ വ്യാപാരത്തിലടക്കം റഷ്യയുമായി മികച്ച ബന്ധങ്ങള്‍ ഉള്ള സൗദി അറേബ്യ സമാധാന നീക്കങ്ങളില്‍ ആതിഥേയരാകുന്നതിന്റെ ആത്മവിശ്വാസത്തിലാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് പങ്കെടുക്കുന്നത്. ചൈനയെ പ്രതിനിധീകരിച്ച് യുറേഷ്യന്‍ കാര്യ നയതന്ത്രജ്ഞന്‍ ലി ഹുയിയും.

Also Read: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനം തിരികെ ലഭിക്കാനുളള നീക്കവുമായി കോണ്‍ഗ്രസ്

ഐക്യരാഷ്ട്രസഭയും തുര്‍ക്കിയും ചേര്‍ന്ന് നിര്‍മ്മിച്ചെടുത്ത കരിങ്കടല്‍ വഴിയുള്ള ധാന്യകയറ്റുമതി കരാറില്‍ നിന്ന് കഴിഞ്ഞമാസം റഷ്യ പിന്‍വാങ്ങിയിരുന്നു. യുക്രെയ്‌നില്‍ നിന്ന് ധാന്യ കയറ്റുമതി നിലച്ചതും അന്താരാഷ്ട്ര ഭക്ഷ്യ മാര്‍ക്കറ്റില്‍ ധാന്യങ്ങള്‍ക്ക് 12 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന വില തുടരുന്നതും നിരവധി വികസ്വര രാഷ്ട്രങ്ങളെ ജിദ്ദ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതമാക്കിയിട്ടുണ്ട്. ഇതു മനസ്സിലാക്കി ജിദ്ദ ഉച്ചകോടിയില്‍ എത്തിയിട്ടുള്ള പ്രതിനിധികളെ സ്വാഗതം ചെയ്യുന്ന പ്രസംഗത്തില്‍ ധാന്യ കരാര്‍ തന്നെയാണ് യുക്രെയിന്‍ പ്രസിഡണ്ട് സെലിന്‍സ്‌കിയും ആയുധമാക്കിയിട്ടുള്ളത്. രണ്ടാഴ്ചയ്ക്കുശേഷം നടക്കുന്ന ബ്രിക്‌സ് യോഗത്തില്‍ ചര്‍ച്ചയാകും എന്ന് കരുതിയ ധാന്യ കരാര്‍ നേരത്തെ തന്നെ ചര്‍ച്ചയാക്കുകയാണ് ജിദ്ദ. യുക്രെയിന്റെ 10 നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഫോര്‍മുല സൗദി അറേബ്യയില്‍ ചേരുന്ന ഉച്ചകോടി അംഗീകരിച്ചെടുക്കാനാണ് സാധ്യത. യോഗത്തിലേക്ക് ക്ഷണം ഇല്ലാത്തതുകൊണ്ട് പങ്കെടുക്കുന്നില്ലെങ്കിലും നിരീക്ഷണം മോസ്‌കോയില്‍ ഇരുന്ന് തുടരുകയാണ് റഷ്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here