
ബി.പി.എൽ വിഭാഗം കുട്ടികളുടെ യൂണിഫോം വിതരണത്തിലെ അനിശ്ചിതത്വത്തിന് കാരണം കേന്ദ്ര സർക്കാർ ഫണ്ട് തടഞ്ഞ് വെച്ചതാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ പരിഹാരം കാണാൻ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സർക്കാർ ഹൈസ്‌ക്കൂളിനോടും ഹയർ സെക്കൻഡറി സ്കൂളിനോടും ചേർന്നുള്ള 1 മുതൽ 8 വരെയുള്ള ക്ലാസുകളിലെ എല്ലാ പെൺകുട്ടികൾക്കും , എസ് സി , എസ് ടി , ബി പി എൽ വിഭാഗങ്ങളിലെ എല്ലാ ആൺ കുട്ടികൾക്കും രണ്ട് സെറ്റ് സൗജന്യ യൂണിഫോമിനുള്ള തുക എസ് എസ് കെ യിൽ നിന്നും ബി ആർ സികൾ വഴി അതാത് സ്കൂളുകൾക്ക് നൽകും. എന്നാൽ ഇപ്രകാരം വിതരണം ചെയ്യേണ്ട തുക 2023-24 സ്കൂൾ വർഷം മുതൽ കേന്ദ്ര സർക്കാരിൽ നിന്നും എസ് എസ് കെ ക്ക് ലഭ്യമാകുന്നില്ല.
Also read: ആവേശമായി എം സ്വരാജിന്റെ തെരഞ്ഞെടുപ്പ് പര്യടനം
സംസ്ഥാനത്തെ ഒറ്റക്ക് നിൽക്കുന്ന എൽ പി, യു പി സർക്കാർ സ്കൂളുകളിലെയും എയിഡഡ് എൽ പി സ്കൂളുകളിലെയും 10 ലക്ഷം കുട്ടികൾക്ക് കൈത്തറി വകുപ്പ് വഴി പൊതുവിദ്യാഭ്യാസ വകുപ്പ് 2 സെറ്റ് കൈത്തറി യൂണിഫോം നൽകുന്നു. അത് നൽകി വരികയാണ്. സർക്കാർ ഹൈസ്‌ക്കൂളിലും ഹയർ സെക്കൻഡറി സ്കൂളിലും 1 മുതൽ 8 വരെ ക്ലാസുകളിലെ എ പി എൽ വിഭാഗം കുട്ടികൾക്കും എയിഡഡ് സ്കൂളുകളിലെ 1 മുതൽ 8 വരെയുള്ള മുഴുവൻ കുട്ടികൾക്കും രണ്ട് സെറ്റ് സൗജന്യ യൂണിഫോമിനുള്ള തുക പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്നു.
നിലവിൽ ഈ ഇനത്തിൽ സംസ്ഥാന സർക്കാർ ഫണ്ട് നൽകാൻ കുടിശ്ശികയില്ല. ഈ ഇനത്തിൽ 2025-26 വർഷത്തേക്കാവശ്യമായ 80.34 കോടി രൂപ നൽകുന്നതിനുള്ള ഭരണാനുമതി നൽകിയിട്ടുണ്ട്. ഇപ്പോൾ കേന്ദ്ര സർക്കാർ 1500 കോടി രൂപ തടഞ്ഞു വെച്ചതിനാലാണ് ഒരു വിഭാഗം കുട്ടികൾക്ക് കഴിഞ്ഞ മൂന്ന് വർഷമായി തുക വിതരണം ചെയ്യാൻ കഴിയാത്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here