
കോഴിക്കോട്: ഇന്ത്യയിൽ നിന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴി ഇത്തവണ തീർഥാടനം ഉദ്ദേശിക്കുന്നവരുടെ യാത്രയിൽ അനിശ്ചിതത്വം തുടരുന്നതിനിടെ വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ കത്തെഴുതി. നുസുക് പ്ലാറ്റ്ഫോം വഴിയുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചില്ലെന്ന കാരണം പറഞ്ഞാണ് ക്വാട്ട തടഞ്ഞുവെച്ചിട്ടുള്ളത്. നുസുക് പോർട്ടൽ അടക്കുകയും ചെയ്തിട്ടുണ്ട്. സ്വകാര്യ ഗ്രൂപ്പുകൾക്ക് ഇത്തവണ 52507 സീറ്റുകളാണ് അനുവദിച്ചിരുന്നത്.
സൗദിയിലെ സേവന ദാതാവ്, താമസം, ഗതാഗത കരാർ പേയ്‌മെന്റുകൾ ഉൾപ്പെടെയുള്ളവ ചില സ്വകാര്യ ഗ്രൂപ്പുകൾ പൂർത്തിയാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മൊത്തം ക്വാട്ട തടഞ്ഞുവെക്കുന്ന സ്ഥിതിവിശേഷമുണ്ടായിരിക്കുന്നത്. എല്ലാ വർഷവും ഹജ്ജ് യാത്രക്ക് കുറ്റമറ്റ രീതിയിൽ സംവിധാനമൊരുക്കുന്ന കേന്ദ്ര സർക്കാർ ഈ അനിശ്ചിതത്വം അവസാനിപ്പിക്കാൻ മുൻകൈ എടുക്കണമെന്നും സ്വകാര്യ ക്വാട്ട മുഴുവൻ പുനഃസ്ഥാപിക്കാൻ നയതന്ത്ര ഇടപെടൽ തേടണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
Also Read: തിരുവനന്തപുരത്ത് സ്വകാര്യ സ്കൂളിൽ ഹിജാബിന്റെ പേരിൽ അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി
യാത്ര നടപടികൾ വേഗത്തിലാക്കി തടസ്സമോ അനിശ്ചിതത്വമോ ഇല്ലാതെ സുഗമമായി തീർഥാടനം ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്നും തീർഥാടനം തടസ്സപ്പെട്ടാൽ ഹജ്ജ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ കാലങ്ങളായി നിൽക്കുന്ന നമ്മുടെ നാടിന്റെ സൽകീർത്തിയെ അത് ബാധിക്കുമെന്നും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സാമ്പത്തികവും വൈകാരികവുമായ നഷ്ടങ്ങളുണ്ടാക്കുന്ന ഈ വിഷയത്തിൽ അടുത്ത ദിവസങ്ങളിലെ സൗദി സന്ദർശന വേളയിൽ ഇടപെടണമെന്നും ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് യാത്ര കൂടുതൽ വ്യവസ്ഥാപിതമാക്കാൻ സംവിധാനങ്ങൾ കൂടിയാലോചിക്കണമെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. യാത്രയുമായി ബന്ധപ്പെട്ട തിരിച്ചുലഭിക്കാനിടയില്ലാത്ത വിവിധ പഠനമിടപാടുകൾ ഇതിനകം തന്നെ സ്വകാര്യ ഗ്രൂപ്പുകൾ നടത്തിയതിനാൽ അതു വലിയ പ്രയാസം സൃഷ്ടിച്ചേക്കും. നേരത്തെ ‘റോഡ് ടു മക്ക’ പദ്ധതിയിൽ ഇന്ത്യയെ ഉൾപ്പെടുത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടും ഗ്രാൻഡ് മുഫ്തി പ്രധാനമന്ത്രിക്കും സഊദി ഭരണകൂടത്തിനും കത്തയച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here