ബജറ്റിലൂടെ കേന്ദ്രം ഇന്ത്യയിലെ ജനങ്ങളെ ക്രൂരമായി വഞ്ചിച്ചെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ

cpim

2025-26 ലെ കേന്ദ്ര ബജറ്റ് ഇന്ത്യയിലെ ജനങ്ങളുടെ ആവശ്യങ്ങളോടുള്ള ക്രൂരമായ വഞ്ചനയാണെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ. സമ്പദ് വ്യവസ്ഥയുടെ പല മേഖലകളും അഭിമുഖീകരിക്കുന്ന പ്രശ്നം, വന്‍തോതിലുള്ള തൊഴിലില്ലായ്മയും വേതനത്തിലുള്ള കുറവും കാരണം വലയുന്ന ജനങ്ങളെ അതില്‍ നിന്ന് കരകയറ്റുന്നതിനു പകരം ബജറ്റിലൂടെ മോദി സര്‍ക്കാര്‍ കൂടുതല്‍ വലയ്ക്കാനാണ് ശ്രമിക്കുന്നത്.

ഇന്ത്യന്‍ തൊഴില്‍ മേഖലയിലെ ദുരവസ്ഥയാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി ജനങ്ങളുടെ വരുമാനത്തിലുണ്ടായ ഇടിവ്. സാമ്പത്തിക സര്‍വേയിലൂടെ അതാണ് വ്യക്തമാകുന്നത്. സമ്പന്നര്‍ക്ക് ഇളവുകള്‍ നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിന് ഊന്നല്‍ നല്‍കുന്ന ഈ ബജറ്റ് ഇന്ത്യയില്‍ അസമത്വം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്.

Read Also: ‘ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ തന്നെ കാറ്റിൽപ്പറത്തിയ ബജറ്റ്’: മന്ത്രി എം ബി രാജേഷ്

സമ്പന്നര്‍ക്കും വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കും നികുതി ചുമത്തി വിഭവസമാഹരണത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാധാരണക്കാരന് മിനിമം വേതനം ഉറപ്പാക്കുന്നതിനും സഹായിക്കുന്ന പൊതു നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് പകരം, സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സമ്പന്നരുടെ സമ്പത്ത് ശേഖരണം പ്രോത്സാഹിപ്പിക്കാനുമാണ് ശ്രമിക്കുന്നത്. ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം എഫ്ഡിഐ പ്രവേശനവും വൈദ്യുതി മേഖലയുടെ സ്വകാര്യവത്കരണവും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. അതുകൊണ്ട് തന്നെ ഇത് സമ്പന്നര്‍ക്ക് വേണ്ടിയുള്ള ബജറ്റാണ്.

ഇന്‍ഷ്വറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കുകയും ഊര്‍ജമേഖല സ്വകാര്യവത്കരിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ ചെലവിടല്‍ ജിഡിപിയുടെ 14.2 ശതമാനമായി കുറച്ചു. ബജറ്റില്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതിനേക്കാള്‍ ലക്ഷം കോടി രൂപ വെട്ടിക്കുറച്ചാണ് നടപ്പ് വര്‍ഷം ചെലവിട്ടത്. സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ വിഹിതത്തില്‍ ബജറ്റ് കണക്കിനെ അപേക്ഷിച്ച് 1.12 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിഹിതത്തില്‍ 90,000 കോടിയുടെയും നികുതി വിഹിതത്തില്‍ 22,000 കോടിയുടെയും കുറവാണുണ്ടായത്. ഫെഡറലിസം തകര്‍ക്കുന്ന സമീപനമാണിത്.

മൂലധന നിക്ഷേപത്തില്‍ 2024-25ല്‍ 93,000 കോടി രൂപ ബജറ്റ് കണക്കിനെക്കാള്‍ കുറവുണ്ട്. ഭക്ഷ്യസബ്സിഡി, കൃഷി, വിദ്യാഭ്യാസം, ഗ്രാമീണ വികസനം, സാമൂഹ്യക്ഷേമം, നഗരവികസനം എന്നീ മേഖലകളിലെല്ലാം വിഹിതം വെട്ടിക്കുറച്ചു. ഈ വര്‍ഷം അനുവദിച്ച വിഹിതം പണപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ ജിഡിപി അനുപാതം കുറഞ്ഞതാകും. ദേശീയ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതത്തിലാണ് സര്‍ക്കാരിന്റെ കാപട്യം ഏറ്റവും വ്യക്തമാകുന്നത്. ആവശ്യക്കാര്‍ കൂടിയിട്ടും കഴിഞ്ഞ വര്‍ഷത്തെ 86,000 കോടി രൂപയില്‍ നിര്‍ത്തിയിരിക്കുകയാണ്. പട്ടികജാതിക്കാര്‍ക്ക് 3.4 ശതമാനവും പട്ടികവര്‍ഗക്കാര്‍ക്ക് 2.6 ശതമാനവും മാത്രമാണ് ഈ ബജറ്റില്‍ വകയിരുത്തിയത്.

ആദായനികുതി ഇളവുകള്‍ വഴി സര്‍ക്കാരിന് ലക്ഷം കോടി രൂപ നഷ്ടമാകുമ്പോള്‍ ഇതിന്റെ പ്രയോജനം ലഭിക്കുക ജനസംഖ്യയില്‍ ഒരു ശതമാനത്തിന് മാത്രമാണ്. സ്വകാര്യ കോര്‍പറേറ്റുകളുടെയും വിദേശ നിക്ഷേപകരുടെയും താത്പര്യങ്ങള്‍ക്ക് നിന്നുകൊടുക്കുന്ന സര്‍ക്കാര്‍ ജനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനും തൊഴില്‍ സൃഷ്ടിക്കാനും ഒന്നും ചെയ്യുന്നില്ല. മോദി സര്‍ക്കാരിന്റെ ഈ ജനവിരുദ്ധ ബജറ്റിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ എല്ലാ പാര്‍ടി ഘടകങ്ങളോടും ആഹ്വാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News