
കേരളത്തിന്റെ ഔദ്യോഗിക നാമം ഭരണഘടനയിൽ ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റെ ദീർഘകാലത്തെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചു. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ ‘സേവാ തീർത്ഥി’ൽ ചേർന്ന ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇതിനായുള്ള ബില്ലിന് അംഗീകാരം നൽകിയത്.
നിലവിൽ ഭരണഘടനയുടെ ഒന്നാം പട്ടികയിൽ ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ‘കേരളം’ എന്നാക്കി മാറ്റുന്നതിനായി ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം നടപടികൾ സ്വീകരിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. 2023 ഓഗസ്റ്റിലും തുടർന്ന് 2024 ജൂണിലും കേരള നിയമസഭ ഈ ആവശ്യം ഉന്നയിച്ച് ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. ആദ്യ പ്രമേയത്തിൽ ഭരണഘടനയുടെ എട്ടാം പട്ടികയിലും മാറ്റം ആവശ്യപ്പെട്ടിരുന്നെങ്കിലും, ഒന്നാം പട്ടികയിൽ മാത്രം മാറ്റം വരുത്തിയാൽ മതി എന്ന കേന്ദ്ര നിർദ്ദേശത്തെത്തുടർന്ന് പരിഷ്കരിച്ച പ്രമേയം സമർപ്പിക്കുകയായിരുന്നു.
Also read: ‘തൃത്താലയിൽ വികസനോത്സവം തുടരുന്നു’; ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി എം ബി രാജേഷ്
2023 ഓഗസ്റ്റിൽ സമാനമായ പ്രമേയം കേരള നിയമസഭ പാസാക്കിയിരുന്നുവെങ്കിലും ചില സാങ്കേതിക തടസ്സങ്ങൾ കാരണം കേന്ദ്രം അത് മടക്കി. ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും ഒരേസമയം മാറ്റം ആവശ്യപ്പെട്ടതായിരുന്നു അന്നത്തെ തടസ്സം. തുടർന്ന്, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണം ഒന്നാം പട്ടികയിൽ മാത്രം മാറ്റം വരുത്തിയാൽ മതി എന്ന നിബന്ധനയോടെ 2024 ജൂണിൽ നിയമസഭ വീണ്ടും പരിഷ്കരിച്ച പ്രമേയം പാസാക്കി കേന്ദ്രത്തിന് അയക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


