
സർവകലാശാലകൾ മതവർഗീയ പ്രസ്ഥാനങ്ങളുടെ പരീക്ഷണശാലകളല്ലെന്ന് പി എ മുഹമ്മദ് റിയാസ് എംഎൽഎ. സർവകലാശാലകളിലെ സംഘപരിവാർ കടന്നുകയറ്റത്തിൽ യുഡിഎഫിന്റെ മൗനാനുവാദം അപകടകരമെന്നും അദ്ദേഹം പ്രതികരിച്ചു. എംജി സർവകലാശാല സെനറ്റിൽ മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ചുകൊണ്ട് സംഘപരിവാർ അനുകൂലികളെ കുത്തിനിറച്ച ചാൻസലർ കൂടിയായ ഗവർണറുടെ നടപടിയിൽ കോഴിക്കോട് പ്രതികരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്.
30 അംഗ സെനറ്റിൽ ബിജെപി ദേശീയസമിതി അംഗം ഉൾപ്പെടെ 19 സംഘപരിവാറുകാരെയാണ് തിരുകിക്കയറ്റിയതെന്നും നേരത്തെ എംജി സർവകലാശാല വൈസ് ചാൻസലറായി കുസാറ്റിലെ ബിജെപി അനുകൂല അദ്ധ്യാപക സംഘടനാ നേതാവിനെ ഗവർണർ നിയമിച്ചപ്പോഴും നിലപാട് പറയാൻ സംസ്ഥാന സർക്കാർ തയാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൽക്കാലിക വിസി നിയമനത്തിനുള്ള പാനൽ നൽകാൻ പോലും സർക്കാർ ശ്രമിച്ചില്ല എന്നത് ഗൗരവകരമായ വീഴ്ചയായിരുന്നുവെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
സർവകലാശാലകൾ മതവർഗീയ പ്രസ്ഥാനങ്ങളുടെ പരീക്ഷണശാലകളല്ല. അവ സ്വതന്ത്ര ചിന്തയുടെ ഇടങ്ങളാണ്. ശാസ്ത്രീയ അന്വേഷണത്തിന്റെ കേന്ദ്രങ്ങളാണ്. മതനിരപേക്ഷ മൂല്യങ്ങളുടെ കാവലാണ്. അതുകൊണ്ടുതന്നെ സർവകലാശാലകളുടെ കാവിവൽക്കരണത്തിനെതിരായ പോരാട്ടം കേരളത്തിന്റെ ഭാവിയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്.
നിയമസഭാ പ്രസംഗത്തിൽ ഈ വിഷയം ഉന്നയിച്ചിരുന്നു. സർക്കാരിന്റെ ഭാഗത്തുനിന്നും മറുപടി ലഭിച്ചില്ല. ഇത്തരം വിഷയങ്ങളിൽ എൽഡിഎഫ് സർക്കാർ സ്വീകരിച്ച ശക്തമായ പ്രതിരോധവും മതനിരപേക്ഷ നിലപാടും ഇന്ന് ഏറെ പ്രസക്തമാവുകയാണ്. മതനിരപേക്ഷ വോട്ടുകൾ വാങ്ങി അധികാരത്തിലെത്തി, സംഘപരിവാർ അജണ്ടയ്ക്ക് മുന്നിൽ കീഴടങ്ങുന്നത് ജനവിധിയോടുള്ള വെല്ലുവിളിയാണ്. യുഡിഎഫിന് വോട്ട് ചെയ്ത അനേകം മതനിരപേക്ഷ മനസുകളും ഈ വിഷയത്തിൽ ഞങ്ങൾ ഉയർത്തുന്ന നിലപാടിനൊപ്പമാണെന്ന് ഉറപ്പുണ്ട്. ഇത് കേരളത്തിന്റെ മതനിരപേക്ഷ മനസും സംഘപരിവാർ അജണ്ടയും തമ്മിലുള്ള പോരാട്ടമാണെന്നും അദ്ദേഹം അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

