
ഉത്തര്‍പ്രദേശിലെ ദെഹുളിയില്‍ സ്ത്രീകളും കുട്ടികളുമടക്കം 24 ദലിതരെ വെടിവച്ചുകൊന്ന കേസില്‍ മൂന്ന് പേർക്ക് വധശിക്ഷ. 40 വർഷത്തിന് ശേഷമാണു മെയിൻപുരി ജില്ലാ കോടതി ശിക്ഷ വിധിച്ചത്. യുപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയ്ക്കാണ് ഒടുവിൽ വിധി വന്നിരിക്കുന്നത്. മെയിൻപുരി ജില്ലയിലെ പ്രത്യേകകോടതിയാണ് പ്രതികളായ കപ്താൻ സിങ്, രാംപാൽ, രാംസേവക് എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. അമ്പതിനായിരം രൂപ പിഴയും അടയ്ക്കണം. താക്കൂർ വിഭാഗത്തിൽപ്പെട്ട ക്രിമിനലുകൾക്കെതിരേ പൊലീസിന് മൊഴി നല്‍കിയതിന്റെ പേരിലാണ് കൂട്ടക്കൊല അരങ്ങേറിയത്.
1981 നവംബർ 19ന് പൊലീസ്‌വേഷത്തിൽ ഗ്രാമത്തിലേക്ക് കടന്ന അക്രമികളുടെ വെടിവയ്പിൽ കൊല്ലപ്പെട്ടവരില്‍ ആറുമാസം പ്രായമുള്ള കൈക്കുഞ്ഞും രണ്ട് വയസുള്ള കുട്ടിയും നിരവധി സ്ത്രീകളും ഉള്‍പ്പെടുന്നു. കേസിൽ പ്രതിചേർക്കപ്പെട്ട 14 പേർ വിചാരണയ്ക്കിടെ മരിച്ചു. ഒരാൾ ഇപ്പോഴും ഒളിവിലാണ്. ശിക്ഷിക്കപ്പെട്ട കപ്‌താൻ സിങിനും രാംപാലിനും അറുപതും രാംസേവകിന് എഴുപതുവയസുമാണ് പ്രായം. “സെക്ഷൻ 302 (കൊലപാതകം), 307 (കൊലപാതകശ്രമം), 216 (പ്രതിയെ താമസിപ്പിക്കൽ), 120 ബി (ക്രിമിനൽ ഗൂഢാലോചന), 449-450 (വീട്ടിൽ അതിക്രമിച്ചു കയറി കുറ്റകൃത്യം നടത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കോടതി പ്രതിയെ ശിക്ഷിച്ചതെന്ന് പ്രോസിക്യൂഷൻ അഭിഭാഷകൻ രോഹിത് ശുക്ല പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here