
ഇന്ത്യന്‍ വാഹനവിപണിയില്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ മൂന്നു കരുത്തര്‍ എത്തുകയാണ്. അമേരിക്കയില്‍നിന്നോ യൂറോപ്പില്‍നിന്നോ അവരുടെ വരവ്. മറിച്ച് അയല്‍രാജ്യമായ ചൈനയില്‍നിന്നാണ് എന്നതാണ് ശ്രദ്ധേയം. കരുത്തുറ്റ രൂപവും മികച്ച ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്ന ഹൈബ്രിഡ് എസ്.യു.വികളാണ് ഇവ. ബിവൈഡി ലെപ്പേര്‍ഡ് 8, ജെറ്റോര്‍ ടി2, സ്റ്റാര്‍ലൈറ്റ് 560 എന്നിവയാണ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നത്.
സ്റ്റാര്‍ലൈറ്റ് 560
മഹീന്ദ്ര എക്‌സ്.യു.വി 700, ടാറ്റ സഫാരി തുടങ്ങിയ എസ്.യു.വികളുമായി മത്സരിക്കാനാണ് സ്റ്റാര്‍ലൈറ്റ് 560ന്റെ വരവ്. പ്ലഗ്-ഇന്‍ ഹൈബ്രിഡ് എഞ്ചിനാണ് പുതിയ സ്റ്റാര്‍ലൈറ്റ് 560നു കരുത്തേകുന്നത്. 106 ഹോഴ്‌സ് പവറും 130 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിന്റെ ഹൃദയം. കൂടാതെ 20.5 കിലോവാട്ടിന്റെ ബാറ്ററിയും ഫ്രണ്ട്-ആക്‌സില്‍ ഇലക്ട്രിക് മോട്ടോറും ഇതിനൊപ്പമുണ്ട്. രണ്ടും കൂടി ചേര്‍ന്നാല്‍ 197 ഹോഴ്‌സ് പവറും 230 എന്‍.എം ടോര്‍ക്കും എഞ്ചിന്‍ പുറത്തെടുക്കും. 9.7 സെക്കന്റില്‍ പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്തും. മണിക്കൂറില്‍ 170 കിലോമീറ്ററാണ് പരമാവധി വേഗത. ഇലക്ട്രിക് മോഡില്‍ 125 കിലോമീറ്ററും സംയോജിത മോഡില്‍ 100 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന റേഞ്ച്. ദീപാവലിക്ക് സ്റ്റാര്‍ലൈറ്റ് 560 ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജെറ്റോര്‍ ടി2
ദീപാവലിയോടെ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു കരുത്തനാണ് ജെ.എസ്.ഡബ്ല്യു മോട്ടോഴ്‌സ് ജെറ്റോര്‍ ടി2. 156 ഹോഴ്‌സ് പവറുള്ള 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും 26.7 കിലോവാട്ട് ബാറ്ററിയുമാണ് റോഡില്‍ കുതിച്ചുപായാന്‍ ഈ കരുത്തനെ സഹായിക്കുന്നത്. ഫ്രണ്ട് മൗണ്ടഡ് ഇലക്ട്രിക് മോട്ടോര്‍, ഡ്യൂവല്‍ മോട്ടോര്‍ ഓള്‍ വീല്‍ ഡ്രൈവ് എന്നി മോഡലുകളില്‍ വാഹനം ലഭ്യമാകും. മികച്ച ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇലക്ട്രിക് മോഡില്‍ 139 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന റേഞ്ച്.
ബിവൈഡി ലെപ്പാര്‍ഡ് 8
ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിനു വെല്ലുവിളിയാകാന്‍ സാധ്യതയുള്ളതാണ് പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഓഫ് റോഡറായ ബിവൈഡി ലെപ്പാര്‍ഡ് 8. 4-സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍, 36.8 കിലോവാട്ട് ബാറ്ററി, ഡ്യൂവല്‍ മോട്ടോര്‍ എന്നിവ അടങ്ങുന്നതാണ് ഇതിന്റെ ഹൃദയം. സംയോജിത രീതിയില്‍ 748 ഹോഴ്‌സ് പവറും 760 എന്‍.എം ടോര്‍ക്കും വാഗ്ദാനം ചെയ്യുന്ന വാഹനം വെറും 4.8 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ എത്തുമെന്ന് കമ്പനി പറയുന്നു. 100 കിലോമീറ്ററാണ് ഇലക്ട്രിക് മോഡിലെ റേഞ്ച്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

