
ഊരാളുങ്കൽ സൊസൈറ്റിക്ക് 2023ലെ ‘നാഷണൽ ഹൈവേസ് എക്സലൻസ് അവാർഡ്’ ലഭിച്ചു . സഹകരണ കരാർ സ്ഥാപനം എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനാണ് അവാർഡ് . ദില്ലിൽ നടന്ന ചടങ്ങിൽ ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് അവാർഡ് സമ്മാനിച്ചത്. സൊസൈറ്റിയുടെ ചീഫ് പ്രൊജക്റ്റ് മാനേജർ ടി. കെ. കിഷോർ കുമാർ അവാർഡ് ഏറ്റുവാങ്ങി.
ഗുണമേന്മയിലും സുതാര്യതയിലും സാമൂഹികോത്തരവാദിത്വത്തിലും പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയ്ക്ക് ദേശീയ പുരസ്ക്കാരങ്ങൾ ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ നേടിയ ഊരാളുങ്കൽ സൊസൈറ്റിയുടെ നൂറുവർഷത്തെ ജൈത്രയാത്രയെ പ്രകീർത്തിച്ചാണ് പുരസ്കാരം. സംസ്ഥാനത്ത് 20-ൽപ്പരം റീച്ചുകളിലായി ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തിയിൽ രാജ്യത്തെ മുൻനിര നിർമ്മാണ സ്ഥാപനങ്ങളെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചതാണ് കേന്ദ്രസർക്കാരിന്റെ അംഗീകാരത്തിന് സൊസൈറ്റിയെ പ്രാപ്തമാക്കിയത്.
സമയക്ലിപ്തത, ഗുണമേന്മ, തൊഴിൽ നൈപുണ്യം, പ്രൊജക്ട് മാനേജ്മെന്റ് എന്നിവയിലുള്ള സൊസൈറ്റിയുടെ സമർപ്പണവും അസാമാന്യ വൈദഗ്ദ്ധ്യവും കണക്കിലെടുത്താണ് അംഗീകാരം. മികച്ച പ്രകടനം കാഴ്ചവച്ചതിന് 2024 ഏപ്രിലിൽ ദേശീയപാതാ അതോറിറ്റി(NHAI)യുടെ ‘ബെസ്റ്റ് പെർഫോർമർ പുരസ്കാര’വും സൊസൈറ്റിക്കു ലഭിച്ചിരുന്നു.
ALSO READ : തിരുവനന്തപുരത്ത് സ്വകാര്യ സ്കൂളിൽ ഹിജാബിന്റെ പേരിൽ അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി
ഊരാളുങ്കൽ സൊസൈറ്റി നിർമ്മിക്കുന്ന തലപ്പാടി – ചെങ്കള 39 കിലോമീറ്റർ റീച്ചാണ് ഭാരത് മാല പദ്ധതിയിൽ കേരളത്തിൽ നടക്കുന്ന പ്രവൃത്തികളിൽ ആദ്യം പൂർത്തിയായാകാൻ പോകുന്നത്. നിർമ്മാണം 90 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു.
അഹമ്മദബാദ് ആസ്ഥാനമായ അദാനി ഗ്രൂപ്പ്, ഹൈദരാബദ് കേന്ദ്രമായി പ്രവർത്തിക്കുന്ന മേഘ, കെഎൻആർ ഗ്രൂപ്പുകൾ എന്നിവയുമായി രാജ്യാന്തരടെൻഡറിൽ മത്സരിച്ചാണ് സംസ്ഥാനാതിർത്തിയിൽനിന്നുള്ള ഈ ആദ്യ റീച്ചിന്റെ കരാർ 1704.125 കോടി രൂപയ്ക്ക് ഊരാളുങ്കൽ സൊസൈറ്റി സ്വന്തമാക്കിയത്. അദാനി ഗ്രൂപ്പ് 1836.49 കോടിയും മേഘ ഗ്രൂപ്പ് 1965.99 കോടിയും കെഎൻആർ ഗ്രൂപ്പ് 2199.00 കോടിയും രൂപയാണ് ക്വോട്ട് ചെയ്തത്. സൊസൈറ്റി ക്വോട്ട് ചെയ്ത തുകയും തൊട്ടു മുകളിലുള്ള ടെൻഡറും തമ്മിലുള്ള വ്യത്യാസം 132 കോടി രൂപയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here