
മോണ്ടെവീഡിയോയില്‍ ഉറുഗ്വേയെ 1-0 ന് പരാജയപ്പെടുത്തി അര്‍ജന്റീന ലോകകപ്പ് യോഗ്യതക്ക് അരികെ. യുവതാരം തിയാഗോ അല്‍മാഡയാണ് വിജയ ഗോള്‍ നേടിയത്. മുമ്പ് ബ്യൂണസ് അയേഴ്സില്‍ അര്‍ജന്റീനയെ 2-0 ന് പരാജയപ്പെടുത്തിയ ഉറുഗ്വേയ്ക്കെതിരായ മധുരപ്രതികാരം കൂടിയായി ഇത്.
മത്സരം സമനിലയിലേക്ക് നീങ്ങുന്നതായി തോന്നിച്ച ഘട്ടത്തിലാണ് 23 കാരനായ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ അല്‍മാഡ ഗോള്‍ നേടിയത്. ഏരിയയുടെ അരികില്‍ പന്ത് സ്വീകരിച്ച് ഉറുഗ്വേ ഗോള്‍കീപ്പര്‍ സെര്‍ജിയോ റോച്ചെയുടെ കൈയെത്തും ദൂരത്ത് മുകളിലെ കോര്‍ണറിലേക്ക് ശക്തമായ ഷോട്ട് ഉതിര്‍ക്കുകയായിരുന്നു അല്‍മാഡ.
Read Also: ക്രിക്കറ്റ് പൂരം കൊടിയേറാന്‍ മണിക്കൂറുകള്‍ മാത്രം; ഐ പി എല്‍ ഉദ്ഘാടന മത്സരം മഴ കളിക്കാൻ സാധ്യത
നിക്കോളാസ് ഗൊണ്‍സാലസിന് ചുവപ്പ് കാര്‍ഡ് ലഭിച്ച് അര്‍ജന്റീന പത്തിലേക്ക് ചുരുങ്ങിയതോടെ പ്രകടനം അല്പം മങ്ങിയിരുന്നു. ഉറുഗ്വേയുടെ നഹിതാന്‍ നാന്‍ഡസിന് നേരെ അപകടകരമായ രീതിയില്‍ കാലുയര്‍ത്തിയതാണ് കാരണം. പരുക്ക് കാരണം മെസി പുറത്തായിരുന്നു. അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണി ടീമിന്റെ പ്രകടനത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചു.
തെക്കേ അമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 28 പോയിന്റുമായി അര്‍ജന്റീന ഒന്നാം സ്ഥാനത്താണ്. 22 പോയിന്റുമായി ഇക്വഡോര്‍ രണ്ടാം സ്ഥാനത്തും 21 പോയിന്റുമായി ബ്രസീല്‍ മൂന്നാം സ്ഥാനത്തും തുടരുന്നു. 13 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റുമായി ഉറുഗ്വേ നാലാം സ്ഥാനത്താണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

