
ഭൂമിക്കടിയിൽ ആഴത്തിൽ തുളച്ചുകയറാൻ രൂപകൽപ്പന ചെയ്‌ത ആറോളം ജിബിയു-57 ബങ്കർ-ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചാണ് B-2 ബോംബറുകൾ ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതെന്ന് റിപ്പോർട്ട്. ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിൽ ബി-2 സ്റ്റെൽത്ത് ബോംബറുകൾ തന്നെയാണ് ഉപയോഗിച്ചതെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട ആണവ കേന്ദ്രമായ ഫോർഡോ ഭൂമിക്കടിയിൽ 80 മുതൽ 300 അടിവരെ ആഴത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
ഇത്രയും ആഴത്തിൽ സ്ഥിതി ചെയ്യുന്ന കേന്ദ്രങ്ങൾ തകർക്കാൻ ജിബിയു-57 മാസിവ് ഓർഡനൻസ് പെനട്രേറ്റർ പോലുള്ള ശക്തമായ ബങ്കർ തകർക്കുന്ന ബോംബുകൾ വഹിക്കാൻ ബി-2 വിമാനങ്ങൾക്കേ കഴിവുള്ളൂ എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏകദേശം 14 ടണ്ണോളം ഭാരമുള്ള രണ്ട് ജിബിയു-57 ബോംബുകൾ വഹിക്കാനുള്ള കഴിവ് ഓരോ ബി- 2 വിമാനത്തിനുമുണ്ട്.
ലോകത്തിൽ നിർമ്മിക്കപ്പെട്ടതിൽ ഏറ്റവും വിലയേറിയതും ഏറ്റവും സങ്കീർണമായ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതുമായ സ്റ്റെൽത്ത് ബോംബർ വിമാനമാണ് ബി-2. അമേരിക്കയുമായി സൈനിക ശക്തിയിൽ മത്സരിക്കുന്ന മറ്റ് ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങൾക്ക് പോലും ഇതിനോട് കിട പിടിക്കുന്ന ഒരു ബോംബർ നിർമിക്കാനായിട്ടില്ല എന്നത് ഇതിന്റെ സങ്കീർണത വെളിപ്പെടുത്തുന്നു.
പൊതുവെ ബി-2 വിമാനങ്ങൾ സംഘർഷ മേഖലയിൽ ഉപയോഗിക്കാറില്ല. ഒറ്റത്തവണ ഇന്ധനം നിറച്ചാൽ 18500 കിലോമീറ്ററോളം പറക്കാൻ കഴിവുള്ള ഈ വിമാനത്തിന് ലോകത്തിന്റെ ഏത് ഭാഗത്തേക്കും മണിക്കൂറുകൾക്കകം എത്താനാകും. ഒരു രാജ്യങ്ങളുടെയും റഡാറുകളിൽ പതിയാതെ പറക്കാനാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഏകദേശം 2 ബില്യൺ ഡോളർ നിർമ്മിക്കാൻ മാത്രം ചെലവ് വരുന്ന ഈ വിമാനം, അമേരിക്കയുടെ കയ്യിൽ മാത്രമാണ് ഉള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here