
അമേരിക്ക പകരചുങ്കം ചുമത്തിയതിനെ തുടർന്ന് ചൈനയുമായി ഉടലെടുത്ത വ്യാപാരയുദ്ധത്തിന് വിരാമം. അമേരിക്കയിലേക്കുള്ള അപൂർവ മൂലകങ്ങൾ കയറ്റുമതി വേഗത്തിലാക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരുപക്ഷവും ധാരണയിലെത്തിയതായി ഒരു ഉന്നത ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. മെയ് മാസത്തിൽ ജനീവയിൽ നടന്ന ചർച്ചകൾക്ക് ശേഷം, യുഎസും ചൈനയും പരസ്പരം ചുമത്തിയ ഉൽപ്പന്നങ്ങളുടെ ഉയർന്ന താരിഫ് താൽക്കാലികമായി കുറയ്ക്കാൻ തീരുമാനിച്ചിരുന്നു. പരസ്‌പര വിട്ടുവീഴ്‌ചയോടെ ഇരുപക്ഷവും പ്രവർത്തിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച ചൈന കരാറിൽ ധാരണയിലെത്തിയതായി സ്ഥിരീകരിച്ചു.
ചൈനയിൽ നിന്നുള്ള അപൂർവ മൂലകങ്ങളുടെ കയറ്റുമതി വേഗത്തിലാക്കാൻ അവരുമായി ധാരണയിലെത്തിയതായി വൈറ്റ്ഹൗസ് അവകാശപ്പെട്ടു. യുഎസ് നിയന്ത്രണം ഏർപ്പെടുത്തിയ ഇനങ്ങളുടെ കയറ്റുമതിക്കായുള്ള അപേക്ഷ, നിയമാനുസൃതം പരിശോധിച്ച ശേഷം അംഗീകരിക്കുമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയവും പ്രതികരിച്ചു.
ഭരണത്തിലേറി ദിവസങ്ങൾക്കകമാണ് ചൈനയും കാനഡയും അടക്കമുള്ള രാജ്യങ്ങൾക്ക് നേരെ ട്രംപ് പ്രതികാരചുങ്കം എടുത്ത് വീശിയത്. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 145 ശതമാനം വരെ യുഎസ് ചുങ്കം ചുമത്തി. ഇതോടെ ചൈന ശക്ത മായി തിരിച്ചടിച്ചു. അമേരിക്കയുടെ ഐടി, സെമി കണ്ടക്ടർ വ്യവസായങ്ങൾക്ക് അത്യന്താപേക്ഷിതമായ ചിപ്പുകളുടെയടക്കം നിർമാണത്തിനു വേണ്ട അപൂർവധാതുക്കളുടെ കയറ്റുമതി ചൈന നിർത്തിയതോടെ ട്രംപ് വെട്ടിലായി.
തുടർന്നാണ് അമേരിക്ക വെല്ലുവിളി അവസാനിപ്പിച്ച് ചർച്ചക്ക് തയാറായത്. ജനീവയിൽ കഴിഞ്ഞമാസം ചേർന്ന യോഗത്തിലാണ് വ്യാപാരയുദ്ധത്തിൽനിന്ന് പിന്മാറാൻ ഇരു
രാജ്യങ്ങളും ധാരണയിലെത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here