
ഇന്ത്യക്കാർക്കുൾപ്പെടെ വലിയ തിരിച്ചടിയാകുന്ന എച് 1 ബി വിസാ പരിഷ്കാര ബിൽ അമേരിക്കൻ കോൺഗ്രസിൽ അവതരിപ്പിച്ചു. അമേരിക്കയിവെ വിദേശ പ്രഫഷണലുകളെ വലിയ രീതിയിൽ ബാധിക്കുന്നതാണ് ബില്ല്. അമേരിക്കക്കാരുടെ തൊഴിൽ സംരക്ഷിക്കാനെന്ന വാദമുയർത്തിയാണ് നിർണായക ബിൽ കോൺഗ്രിസിൽ അവതരിപ്പിച്ചത്. അടുത്ത മൂന്ന് വർഷത്തേക്ക് ഇനി എച് 1 ബി വിസകൾ അനുവദിക്കരുതെന്നാണ് ബില്ലിലെ നിർദ്ദേശം. അമേരിക്കൻ പ്രഫഷണലുകൾക്ക് കമ്പനികൾ മുൻതൂക്കം നൽകണമെന്നും മറ്റുള്ള രാജ്യങ്ങളിൽ നിന്നും വരുന്നവർ അമേരിക്കക്കാരുടെ അവസരങ്ങൾ ഇല്ലാതാക്കുന്നുവെന്നുമാണ് ബില്ലിൽ പറയുന്നത്.
എച് 1 ബി വിസാ ബിൽ ഇന്ത്യയെ എങ്ങനെ ബാധിക്കും
എച് 1 ബി വിസകൾ കൂടുതലായി ഉപയോഗിക്കുന്നത് ഇന്ത്യൻ പ്രോഫഷണലുകളാണ്. നിരവധി കമ്പനികളിലാണ് ഇന്ത്യൻ പ്രൊഫഷണലുകൾ അമേരിക്കയിൽ ജോലി ചെയ്യുന്നത്. ടെക് മേഖലയിൽ ഉൾപ്പെടെ നിരവധി പേരാണ് അമേരിക്കയിൽ തൊഴിലെടുക്കുന്നത്. എന്നാൽ ബില്ല് നിയമമായാൽ അത് പതിനായിരക്കണക്കിന് ഇന്ത്യക്കാരെയാണ് ബാധിക്കുക.
എച് 1 ബി വിസാ ബില്ലിനെതിരെ പ്രമുഖ കമ്പനികളും
അമേരിക്കയുടെ എച് 1 ബി വിസാ ബില്ലിനെതിരെ പ്രമുഖ കമ്പനികളും രംഗത്ത് വന്നിട്ടുണ്ട്. മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ കമ്പനികളാണ് ബില്ലിൽ അതൃപ്തി പ്രകടമാക്കിയത്. പല രാജ്യങ്ങളിൽ നിന്നുമുള്ള പ്രഫഷണലുകൾ ഇവിടങ്ങളിൽ ചെറിയ തുകയ്ക്ക് ജോലി ചെയ്യുന്നുണ്ടെന്നതാണ് ഇതിന് കാരണം.
എന്താണ് എച് 1 ബി വിസ
യുഎസ് ആസ്ഥാനമായുള്ള തൊഴിലുടമയ്ക്ക് കമ്പനിയിൽ ജോലി ചെയ്യാൻ വിദേശ രാജ്യങ്ങളിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരാനുള്ള ഇമിഗ്രൻ്റ് വർക്ക് വിസയാണ് എച് 1 ബി വിസ. എന്നാൽ ഇതിൽ പരിഷ്കാരങ്ങൾ ഉണ്ടാകുന്നതോടെ അമേരിക്കയിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വരവ് കുറയും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

