
സമൂഹമാധ്യമങ്ങളിലെ ‘ഡസ്റ്റിംഗ്’ ചലഞ്ചിന് ശ്രമിച്ച പത്തൊമ്പതുകാരി മരിച്ചു. യുഎസ് സംസ്ഥാനമായ അരിസോണയിൽ നിന്നുള്ള യുവതിയാണ് ചലഞ്ചിന് പിന്നാലെ മരിച്ചത്. മകളുടെ മരണത്തിനു പിന്നാലെ മറ്റുള്ളവർക്ക് മുന്നറിയിപ്പുമായി മാതാപിതാക്കൾ രംഗത്തെത്തി. ‘ഡസ്റ്റിംഗ്’ അല്ലെങ്കിൽ ‘ക്രോമിംഗ്’ എന്നറിയപ്പെടുന്ന വൈറൽ സോഷ്യൽ മീഡിയ ചലഞ്ചിൽ പങ്കെടുത്തതിനെ തുടർന്നാണ് റെന്ന ഓറൂർക്ക് മരണപ്പെട്ടത്. താത്കാലികമായ ലഹരി ഉന്മാദം അനുഭവിക്കുന്നതിനായി എയറോസോൾ വാതകങ്ങൾ, പലപ്പോഴും കീബോർഡ് ക്ലീനിംഗ് സ്പ്രേകളിൽ നിന്നുള്ള വാതകങ്ങൾ ശ്വാസിച്ച് ഇത് വീഡിയോ പകര്‍ത്തി സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുക എന്നതുമാണ് ഈ ട്രെൻഡ്.
വിഷവാതകം ശ്വസിച്ചതിനെ തുടർന്ന് റെന്നയ്ക്ക് ഹൃദയാഘാതം സംഭവിച്ചതായി അവളുടെ മാതാപിതാക്കൾ പ്രാദേശിക ടെലിവിഷൻ ശൃംഖലയായ എസെഡ് ഫാമിലിയോട് പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു ആഴ്ചയോളം അബോധാവസ്ഥയിൽ കിടന്ന റെന്നയെ മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
ALSO READ: രോഹിതും കോഹ്‌ലിയും ഇല്ലാതെ ടീം ഇന്ത്യ ഇംഗ്ലണ്ടിൽ; വരവേൽക്കാൻ ആരാധകരില്ല
തന്റെ മകളുടെ പ്രശസ്തയാകാനുള്ള ആഗ്രഹത്തെ കുറിച്ച് പിതാവ് പറഞ്ഞു. “ഞാൻ വൈറലാകും, അച്ഛാ. നോക്കിക്കോ,” എന്ന് അവൾ എപ്പോഴും പറയുമായിരുന്നു. നിർഭാഗ്യവശാൽ, അത് നല്ല രീതിയിലല്ല സംഭവിച്ചത്. ചലഞ്ചിന് ഉപയോഗിക്കുന്ന ഈ പദാർത്ഥം വളരെ എളുപ്പത്തിൽ ലഭിക്കുമെന്നതാണ് മറ്റൊരു ഭീകരതെയന്ന് റെന്നയുടെ അമ്മ ഡാന ചൂണ്ടിക്കാട്ടി. വാങ്ങാൻ ഐഡി ആവശ്യമില്ല. ഇതിന് മണവുമില്ല. അവർക്ക് ഇത് എളുപ്പം വാങ്ങാൻ കഴിയും. മാതാപിതാക്കൾക്ക് സംശയം തോന്നുകയുമില്ലെന്നും അവർ പറഞ്ഞു. തന്റെ മകളുടെ വിയോഗത്തോടെ അപകടകരമായ ട്രെൻഡിനെ കുറിച്ചുള്ള അവബോധം ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് ഇരുവരും.
സോഷ്യൽ മീഡിയ ട്രെൻഡുകൾ എങ്ങനെ മാരകമായി മാറുമെന്ന് റെന്ന ഒ’റൂർക്കിന്റെ കഥ ഓർമ്മിപ്പിക്കുന്നു. മുൻപും ഇത്തരത്തിൽ പല ചലഞ്ചുകളും ആളുകളുടെ ജീവൻ എടുത്തിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here