
സാമ്രാജ്യത്വ ധാർഷ്ട്യത്തിനെതിരെ ക്യൂബൻ ജനത തെരുവിൽ പ്രതിഷേധത്തിന്റെ കടലിരമ്പമായി മാറുകയാണ്. റൗൾ ഈസ് റൗൾ എന്ന മുദ്രാവാക്യവുമായി ക്യൂബയിൽ ജനലക്ഷങ്ങളാണ് തെരുവിൽ പ്രതിഷേധപ്രകടനം നടത്തുന്നത്. അമേരിക്കയുടെ സാമ്രാജ്യത്വം മോഹത്തിന്റെ കഴുകൻ കണ്ണുകൾ വെനസ്വേലക്കും ഇറാനും ശേഷം കമ്യൂണിസ്റ്റ് ക്യൂബയിലേക്ക് നോട്ടമിട്ടിരിക്കുയാണ്. ക്യൂബൻ വിപ്ലവ നേതാവും മുൻ പ്രസിഡന്റുമായ റൗൾ കാസ്ട്രോയെ കള്ളക്കേസിൽ കുടുക്കാനാണ് അമേരിക്കയുടെ ശ്രമം.
1996-ൽ ക്യൂബൻവിരുദ്ധ തീവ്രവാദ സംഘടനയായ ബ്രദേഷ്സ് ടു ദി റെസ്ക്യൂവിന്റെ രണ്ടു വിമാനങ്ങൾ തകർന്ന സംഭവത്തിൽ അന്നത്തെ ക്യൂബൻ പ്രതിരോധമന്ത്രിയായ റൗൾ കാസ്ട്രോയ്ക്ക് പങ്കുണ്ടെന്ന് പറഞ്ഞതാണ് അമേരിക്കൻ നീതിന്യായ വകുപ്പ് കാസ്ട്രോയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചതിനെ തുടർന്നാണ് വിമാനങ്ങൾ വെടിവെച്ചിട്ടതെന്ന് കൃത്യമായ രേഖകൾ ഉണ്ടായിട്ടും കുറ്റപത്രവുമായി അമേരിക്ക രംഗത്തെത്തിയിരിക്കുന്നതിന്റെ ലക്ഷ്യം ക്യൂബയിൽ അധിനിവേശം നടത്തുക എന്നത് മാത്രമാണ്.
അമേരിക്കയുടെ അധിനിവേശ തന്ത്രത്തിനെതിരെ ക്യൂബൻ തലസ്ഥാനമായ ഹവാനയിലെ യുഎസ് എംബസിക്ക് മുമ്പിൽ സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങളുയർത്തി പതിനായിരങ്ങൾ അണിനിരന്നു.. കാസ്ട്രോയെ ലക്ഷ്യമിട്ട് ക്യൂബയിൽ ഭരണമാറ്റവും അധിനിവേശവും നടത്തുക എന്നതാണ് അമേരിക്കൻ സാമ്രാജ്യത്വ തന്ത്ര ലക്ഷ്യമിടുന്നത്.
ഉപരോധങ്ങളാൽ ശ്വാസംമുട്ടിക്കുമ്പോളും ഇച്ഛാശക്തിയാൽ ചെറുത്തു നിൽക്കുന്നജനതയാണ് ക്യൂബയിലേത്. ഊർജപ്രതിസന്ധിയും വൈദ്യുതിക്ഷാമവും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ക്യൂബയിലേക്ക് കടന്നുകയറാനുള്ള യുഎസിന്റെ കുതന്ത്രം പക്ഷെ പ്രതിസന്ധികളിൽ പതറാതെ ക്യൂബൻ സർക്കാരിനൊപ്പം വർധിത വിപ്ലവ വീര്യത്തോടെ അണിനിരക്കുകയാണ് ക്യൂബയിലെ ജനങ്ങൾ.
വെനസ്വേലയിലും ഇറാനിലും നടത്തിയതിന് സമാനമായ രീതിയിൽ ക്യൂബയിലും അധിനിവേശം നടത്തുവാനാണ് അമേരിക്കയുടെ ശ്രമം. മേഖലയെ സംഘർഷഭൂമിയാക്കി മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിൽ കടന്നുകയറാനുള്ള യു എസ് ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ലാറ്റിനമേരിക്കിൻ രാജ്യങ്ങളിൽ നിന്നുയരുന്നത്. റൗൾ കാസ്ട്രോയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മേഖലയിലാകെ പ്രകടനങ്ങൾ നടക്കുകയും ചെയ്തു. വിവാ റൗൾ എന്ന മുദ്രാവാക്യമുയർത്തി അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കുടിലതന്ത്രങ്ങളെ തെരുവിൽ പ്രതിരോധിക്കുകയാണ് ക്യൂബയിലെ ജനങ്ങൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

