
21 മണിക്കൂർ നീണ്ട അമേരിക്കയും ഇറാനും തമ്മിലുള്ള മാരത്തൺ ചർച്ചകൾ പരാജയപ്പെട്ടു. പാകിസ്താനിൽ വെച്ച് ആയിരുന്നു അമേരിക്കയും ഇറാനും തമ്മിൽ ചർച്ച നടന്നത്. ഇറാനുമായുള്ള ചർച്ചകളിൽ ഒരു ഉടമ്പടിയില്ലാതെ അമേരിക്കൻ ഉദ്യോഗസ്ഥർ പാകിസ്താനിൽ നിന്ന് മടങ്ങിപ്പോകുകയാണെന്ന് യുഎസ് വെെസ് പ്രസിഡന്റ് ജെ ഡി വാൻസ് അറിയിച്ചു.
ആണവായുധങ്ങൾ വികസിപ്പിക്കാനുള്ള നീക്കം ദീർഘകാലത്തേക്ക് ഉപേക്ഷിക്കില്ലെന്ന ഇറാന്റെ നിലപാടാണ് ചർച്ചകൾ വഴിമുട്ടാൻ കാരണമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് അറിയിച്ചു. ഇതിനെത്തുടർന്ന് അമേരിക്ക തങ്ങളുടെ “അവസാനവും മികച്ചതുമായ ഓഫർ” ഇറാന് മുന്നിൽ വെച്ചിരിക്കുകയാണ്. ഈ നിർദ്ദേശത്തോടുള്ള ഇറാന്റെ പ്രതികരണത്തിനായി വാഷിംഗ്ടൺ ഇപ്പോൾ കാത്തിരിക്കുകയാണ്. ചർച്ചയിലുടനീളം തങ്ങൾ പ്രസിഡന്റ് ട്രംപുമായും ദേശീയ സുരക്ഷാ സംഘവുമായും നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും, ചർച്ചകൾ സുഗമമാക്കാൻ പാകിസ്താൻ മികച്ച രീതിയിൽ പ്രവർത്തിച്ചതായും യുഎസ് വ്യക്തമാക്കി.
യുഎസിന്റെ ‘അമിതമായ ആവശ്യങ്ങൾ പൊതുവായ ഒരു ചട്ടക്കൂട് രൂപപ്പെടുത്തുന്നതിന് തടസ്സമുണ്ടാക്കി എന്നാണ് ഇരാൻ പ്രതികരിച്ചത്. ചർച്ച പരാജയപ്പെട്ടതോടെ ഇറാനും യുഎസും തമ്മിലുണ്ടാക്കിയ രണ്ടാഴ്ചത്തെ വെടിനിർത്തലും അനിശ്ചിതത്വത്തിലായിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

