
എവിടെ പോയാലും കൂടെ മൊബൈൽ ഫോണും കൊണ്ട് പോകുന്നവരാണ് നമ്മളിൽ പലരും. ടോയിലറ്റിൽ പോകുന്ന സമയത്തും അങ്ങനെ തന്നെ. എന്നാൽ ഈ ശീലം നിങ്ങളെ തള്ളിവിടുക വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് ആണെന്ന് ആണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. നമ്മൾ നിത്യവും കൈകാര്യം ചെയ്യുന്ന മൊബൈൽ ഫോണുകളിൽ ഒരു ടോയ്‌ലറ്റ് സീറ്റിലുള്ളതിനേക്കാൾ കൂടുതൽ ബാക്ടീരിയകൾ ഉണ്ടായേക്കാമെന്നാണ് പല പഠനങ്ങളും പറയുന്നത്. പൊതുസ്ഥലങ്ങളിലെ ഡോർ ഹാൻഡിലുകളിലോ കൗണ്ടറുകളിലോ സ്പർശിക്കുമ്പോൾ കാണിക്കുന്ന ജാഗ്രത പലപ്പോഴും സ്വന്തം ഫോൺ കൈകാര്യം ചെയ്യുമ്പോൾ നിങ്ങൾ ആരെങ്കിലും കാണിക്കാറുണ്ടോ ?
ദിവസം മുഴുവൻ പല പ്രതലങ്ങളിൽ ആവും നമ്മൾ ഈ ഫോൺ കൊണ്ട് വയ്ക്കുന്നത്. മാത്രമല്ല, പല പ്രതലങ്ങളിൽ സ്പർശിക്കുന്ന കൈകൾ കൊണ്ട് ഫോൺ തൊടുന്നതിലൂടെയും ഇത് രോഗാണുക്കളുടെ പ്രജനന കേന്ദ്രമായി മാറുകയാണ്. കോൾ ചെയ്യുമ്പോൾ മുഖത്തോടും സ്ക്രോൾ ചെയ്യുമ്പോൾ കൈകളോടും ചേർന്നിരിക്കുന്ന ഫോണിൽ നിന്ന് ബാക്ടീരിയകൾ എത്ര വേഗത്തിലാകും നമ്മുടെ ശരീരത്തിലേക്ക് എത്തുക എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? വയറിളക്കം, ഛർദ്ദി, ഓക്കാനം, ഭക്ഷ്യവിഷബാധ തുടങ്ങിയ കുടൽ സംബന്ധമായ അണുബാധകൾക്ക് ഈ ബാക്ടീരിയകൾ കാരണമാകും.
ALSO READ: നിങ്ങൾക്ക് എത്ര പുഷ്-അപ്പ് ചെയ്യാൻ കഴിയണം? ഉത്തരം കേട്ടാൽ ഞെട്ടും
ടോയ്‌ലറ്റുകളിൽ ഇ- കോളി, സാൽമൊണെല്ല തുടങ്ങിയ മാരകമായ ബാക്ടീരിയകൾ ഉണ്ടാകും. ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുമ്പോൾ പുറത്തുവരുന്ന അതിസൂക്ഷ്മമായ ജലകണികകൾ വഴി ഈ ബാക്ടീരിയകൾ നമ്മുടെ ഫോണിൽ പറ്റിപ്പിടിക്കുന്നു. കൈകൾ കഴുകിയാലും, ഫോണിൽ പറ്റിയിരിക്കുന്ന ഈ അണുക്കൾ വീണ്ടും നിങ്ങളുടെ കൈകളിലേക്കും അവിടെനിന്ന് മുഖത്തേക്കും ഭക്ഷണത്തിലേക്കും വരെ എത്തുന്നു, നിങ്ങൾ പോലും അറിയാതെ…
ഇത്തരത്തിൽ ഫോൺ വഴി ശരീരത്തിൽ എത്തുന്ന ബാക്ടീരിയകൾ വയറിളക്കം, ഛർദ്ദി, ഭക്ഷ്യവിഷബാധ തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ടോയ്‌ലറ്റിൽ ഫോണും കൊണ്ട് കയറിയാൽ സമയം പോകുന്നത് പലരും അറിയില്ല. കൂടുതൽ സമയം ടോയ്‌ലറ്റിൽ ഇരിക്കുന്നത് ഗുദഭാഗത്തെ ഞരമ്പുകളിൽ അമിത സമ്മർദ്ദം ചെലുത്തുകയും ഇത് പൈൽസ് വരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
അന്തരീക്ഷത്തിലെ ഈർപ്പം കൂടുമ്പോൾ ഫോണുകളിൽ ബാക്ടീരിയകൾ അതിവേഗം പെരുകുന്നു. ഈ സമയങ്ങളിൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്ന് വിദഗ്ധർ പറയുന്നു. ഫോൺ ശുചിത്വം ഒരു ശീലമാക്കുന്നതിലൂടെ ഈ അപകടങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാം
ആൽക്കഹോൾ അടങ്ങിയ വൈപ്പുകൾ ഉപയോഗിച്ച് ദിവസവും ഫോൺ തുടയ്ക്കുക, വിയർപ്പും അഴുക്കും അടിഞ്ഞുകൂടാൻ സാധ്യതയുള്ളതിനാൽ ഫോൺ കവറുകൾ ഇടയ്ക്കിടെ ഊരി വൃത്തിയാക്കണം, ഭക്ഷണം കഴിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്ന ശീലം പൂർണ്ണമായും ഒഴിവാക്കുക, പൊതുഗതാഗതം ഉപയോഗിച്ചതിന് ശേഷമോ അശുദ്ധമായ പ്രതലങ്ങളിൽ തൊട്ടാലോ കൈകൾ കഴുകിയ ശേഷം മാത്രം ഫോൺ സ്പർശിക്കുക, പൊതുസ്ഥലങ്ങളിലെ അഴുക്കുള്ള പ്രതലങ്ങളിൽ ഫോൺ വെക്കുന്നത് ഒഴിവാക്കുക എന്നിവയെല്ലാം ശ്രദ്ധിക്കണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

