ഉറക്കെ ചിരിക്കരുത്, സഭയ്ക്കുള്ളില്‍ ഫോണ്‍ ഉപയോഗം പാടില്ല, പേപ്പറുകള്‍ കീറാന്‍ പാടില്ല; ഉത്തര്‍പ്രദേശ് നിയമസഭയില്‍ അംഗങ്ങള്‍ക്കായി പുതിയ ചട്ടങ്ങള്‍

ഉത്തര്‍പ്രദേശ് നിയമസഭയില്‍ അംഗങ്ങള്‍ക്കായി പുതിയ ചട്ടങ്ങള്‍ പാസാക്കാന്‍ ഒരുങ്ങുകയാണ്. തിങ്കളാഴ്ചയാണ് പുതിയ ചട്ടങ്ങള്‍ നിയമസഭയിലെത്തിയത്. ഉറക്കെ ചിരിക്കരുത്, സഭയ്ക്കുള്ളില്‍ ഫോണ്‍ ഉപയോഗം പാടില്ല, പേപ്പറുകള്‍ കീറാന്‍ പാടില്ല എന്നിങ്ങനെയാണ് പുതിയ ചട്ടത്തില്‍ പറയുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമെന്നും തുടര്‍ന്ന് പാസാക്കുമെന്നും ഉത്തര്‍പ്രദേശ് സ്പീക്കര്‍ സതീഷ് മഹാന വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു.

സ്പീക്കര്‍ക്ക് പുറം തിരിഞ്ഞ് നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യരുതെന്നും പുതിയ ചട്ടത്തില്‍ പറയുന്നു. റൂള്‍സ് ഓഫ് പ്രൊസീജ്യേഴ്‌സ് ആന്റ് കണ്‍ടക്ട് ഓഫ് ബിസിനസ് ഓഫ് ഉത്തര്‍പ്രദേശ് ലെജിസ്‌ല്ലേറ്റീവ് അസംബ്ലി – 2023 എന്ന പേരിലാണ് പുതിയ ചട്ടങ്ങള്‍ അവതരിപ്പിക്കുന്നത്. ഇതോടെ 1958ലെ ചട്ടങ്ങള്‍ക്ക് പകരമായാണ് പുതിയ നിബന്ധനകള്‍.

പുതിയ ചട്ടങ്ങള്‍ പ്രകാരം, എംഎല്‍എമാര്‍ക്ക് സഭയില്‍ ഒരു രേഖയും കീറാന്‍ കഴിയില്ല. ഒരു പ്രസംഗം നടത്തുമ്പോഴോ അഭിനന്ദിക്കുമ്പോഴോ കൈ ചൂണ്ടരുത്. സഭയില്‍ ആയുധങ്ങള്‍ കൊണ്ടുവരാനോ പ്രദര്‍ശിപ്പിക്കാനും പാടില്ല. കൂടാതെ നിയമസഭയിലെ അംഗങ്ങള്‍ സ്പീക്കറുടെ കസേരയ്ക്ക് മുന്നില്‍ വണങ്ങി ബഹുമാനം കാണിക്കണമെന്നും സഭയില്‍ പ്രവേശിക്കുമ്പോഴോ പുറത്തുപോകുമ്പോഴോ അല്ലെങ്കില്‍ ഇരിക്കുമ്പോഴോ എഴുന്നേല്‍ക്കുമ്പോഴോ പുറം കാണിക്കരുതെന്നും ചട്ടങ്ങള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here