
സ്വാതന്ത്രസമരത്തെയും ചരിത്രത്തെയും ആർഎസ്എസിന് ഭയമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തിൽ ആർഎസ്എസ് ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു. എമ്പുരാൻ സിനിമക്കെതിരെ സംഘപരിവാർ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നടത്തിയ യുവജന പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എമ്പുരാൻ മാത്രമല്ല പല ഘട്ടങ്ങളിലും ഇതുപോലെയുള്ള ആവിഷ്കാരം തടസ്സപ്പെടുത്താനുള്ള പല നീക്കങ്ങളും ആർഎസ്എസ് നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. സിനിമ എല്ലാ രാഷ്ട്രീയ പാർട്ടികളെയും വിമർശിക്കുന്നുണ്ടെന്നും സിനിമയെ സിനിമയായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് ആർഎസ്എസിനെ അസ്വസ്ഥപ്പെടുത്തുന്നത് എന്ന് ചോദിച്ച അദ്ദേഹം മതരാഷ്ട്രവാദ ആശയങ്ങൾ ഈ നാട് തിരിച്ചറിയുന്ന കാലം വരുമെന്നും ചരിത്രം ഏറ്റവും വലിയ ആയുധമാണെന്നും വ്യക്തമാക്കി.
ആർഎസ്എസിഎൻ്റെ ഭീരുത്വമാണ് ഇത്തരം സംഭവങ്ങളിലൂടെ കാണുന്നത് എന്ന് വിമർശിച്ച അദ്ദേഹം എല്ലാ അർത്ഥത്തിലും കരുതലോടെ നിൽക്കേണ്ട സമയമാണെന്നും ഇതൊക്കെ വെല്ലുവിളിച്ചാണ് ഇടതുപക്ഷം മുന്നോട്ടുപോകുന്നതെന്നും പറഞ്ഞു. ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താൻ നോക്കണ്ടെന്നും ഈ പോരാട്ടം ശക്തമായി മുന്നോട്ട് തുടരുമെന്നും വി കെ സനോജ് കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here