
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് നാളെ കോടതിയിൽ ഫയൽ ചെയ്യുമെന്ന് പറയുന്ന ചാർജ്ജ് ഷീറ്റ് പ്രമുഖ മാധ്യമം പുറത്തുവിട്ടിരിക്കുകയാണ്. കേസ് പാർട്ടിക്കെതിരെയുള്ള നീക്കമാണെന്നും രാഷ്ട്രീയമായി നേരിടുമെന്നും സി പി ഐ എം നേതാക്കൾ പറഞ്ഞിരുന്നു. ഇതിനിടെയാണ് നാളെ കോടതിയിൽ ഫയൽ ചെയ്യുമെന്ന് പറയുന്ന ചാർജ്ജ് ഷീറ്റ് ബി.ജെ.പി. നേതാവിന്റെ ചാനൽ പുറത്തുവിട്ടിരിക്കുന്നത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. എസ് എഫ് ഐ ഒ നാളെ കോടതിയിൽ ഫയൽ ചെയ്യുമെന്ന് പറയുന്ന ചാർജ്ജ് ഷീറ്റ് ബി.ജെ.പി. നേതാവിന്റെ ചാനൽ ഇന്ന് പുറത്തു വിടുന്നതെങ്ങനെയാണെന്നാണ് സനോജ് ഫേസ്ബുക്കിൽ കുറിച്ചത്. ബി.ജെ.പി. കാര്യാലയത്തിൽ നിന്നാണോ ചാർജ് ഷീറ്റ് തയാറാക്കിയത് എന്നും അദ്ദേഹം ചോദിക്കുന്നു.
പോസ്റ്റിന്റെ പൂർണ രൂപം
കേന്ദ്രസർക്കാരിന്റെ കമ്പനി കാര്യ മന്ത്രാലയത്തിന് കീഴിലുള്ള അന്വേഷണ ഏജൻസി നാളെ കോടതിയിൽ ഫയൽ ചെയ്യുമെന്ന് പറയുന്ന ചാർജ്ജ് ഷീറ്റ് ബി.ജെ.പി. നേതാവിന്റെ ചാനൽ ഇന്ന് പുറത്തു വിടുന്നതെങ്ങനെയാണ്?
ബി.ജെ.പി. കാര്യാലയത്തിൽ നിന്നാണോ ചാർജ് ഷീറ്റ് തയാറാക്കിയത്?
ഏത് ‘ബജ്റംഗി’യാണ് ഈ നാടകത്തിന്റെ തിരക്കഥാകൃത്ത്?
അതേസമയം എസ് എഫ് ഐ ഒ കേസ് പാർട്ടിക്കെതിരെയുള്ള നീക്കമാണെന്നും രാഷ്ട്രീയമായി നേരിടുമെന്നും സി പി ഐ എം നേതാക്കൾ പറഞ്ഞു. ഇത് മുന്‍പേ പറഞ്ഞ രാഷ്ട്രീയ കാര്യങ്ങളാണെന്നും കേസ് കേസ് ആയി കൈകാര്യം ചെയ്യുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. അതിനകത്ത് പാര്‍ട്ടിക്ക് ഒരു പ്രശ്‌നവുമില്ല. അതിനെ പാര്‍ട്ടിക്കെതിരായി ഉപയോഗിക്കുമ്പോഴാണ് രാഷ്ട്രീയമായി നേരിടും എന്ന് പറഞ്ഞത്. അതിനെ ഇനിയും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയപ്രേരിതമായ കേസാണെന്നും അസത്യമായ കാര്യങ്ങളാണെന്ന് അറിയാമെന്നും എ വിജയരാഘവന്‍ പറഞ്ഞു. വ്യക്തി ജീവിതം സ്വാര്‍ഥ താത്പര്യങ്ങള്‍ക്ക് നില്‍ക്കുന്ന ആളല്ല പിണറായി വിജയൻ. സി പി ഐ എമ്മിനെ ദുര്‍ബലപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ നീക്കം. രാഷ്ട്രീയമായി നേരിടും. പിണറായി ഒരു വ്യക്തിയല്ല, മുഖ്യമന്ത്രി ആണ്, പി ബി അംഗമാണ്. പിണറായിയെ അപകീര്‍ത്തിപ്പെടുത്താന്‍ കുടുംബത്തെ ഉപയോഗിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനേയും പാര്‍ട്ടിയേയും ലക്ഷ്യം വെച്ചുള്ള ആസൂത്രിത നീക്കമാണിതെന്നും രാഷ്ട്രീയമായി തന്നെ നേരിടുമെന്നും എം എ ബേബി പറഞ്ഞു. നല്ല സമയം നോക്കി ആക്രമിക്കുന്നതാണ് ബി ജെ പി രീതി. അതാണ് പാര്‍ട്ടി കോണ്‍ഗ്രസ് സമയം തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. അഴിമതി ഇല്ലെന്ന് ഹൈക്കോടതി പറഞ്ഞതാണെന്നും രാഷ്ട്രീയപ്രേരിതമാണെന്നും എ കെ ബാലൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് പറഞ്ഞത് കേന്ദ്ര ഏജന്‍സിയുടെ മുന്നില്‍ ഉണ്ടെല്ലോ എന്നാണ്. പ്രതിപക്ഷ നേതാവിന് നല്ല ഉറപ്പ് കിട്ടിയിരുന്നു. ചെന്നിത്തലയുടെയും കുഞ്ഞാലിക്കുട്ടിയുടെയും പേരുകളും ഉണ്ട്. അഴിമതി കണ്ടെത്താനാകാതെ കോടതികള്‍ തള്ളിയ കേസ് ആണിത്. ഉള്ളിത്തോൽ പൊളിച്ചത് പോലെയാകും ഈ കേസ് എന്നും എ കെ ബാലന്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here