കൊല്ലം സുധിയുടെ കുടുംബം അനാഥമാകില്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍

വാഹനാപകടത്തില്‍ മരണമടഞ്ഞ സിനിമാതാരം കൊല്ലം സുധിയുടെ കുടുംബം അനാഥമാകില്ലെന്ന് മന്ത്രി വി.എന്‍.വാസവന്‍. നിരാലംബരായ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കാനും, മറ്റ് സഹായങ്ങള്‍ നല്‍കാനും സിപിഐഎം തയ്യാറാണെന്നും മന്ത്രി പറഞ്ഞു. സിപിഐഎം ജില്ലാ നേതാക്കള്‍ക്കൊപ്പം സുധിയുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഇന്നലെ വൈകുന്നേരമാണ് വാഹനാപകടത്തില്‍ മരണമടഞ്ഞ സിനിമാതാരം കൊല്ലം സുധിയുടെ വീട്ടില്‍ സിപിഐഎം നേതാക്കള്‍ക്കൊപ്പം മന്ത്രി വി എന്‍ വാസവന്‍ എത്തിയത്. പുതുപ്പള്ളി ഞാലിയാകുഴിയിലെ വീട്ടിലെത്തിയ മന്ത്രി അര മണിക്കൂറോളം അവിടെ ചെലവഴിച്ചു. കുടുംബത്തിന്റെ നിലവിലെ സാഹചര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. വാടക വീട്ടില്‍ കഴിയുന്ന മക്കള്‍ക്കും ഭാര്യക്കും വീട് നിര്‍മ്മിച്ചു നല്‍കാന്‍ സിപിഐഎം തയാറാണെന്നും അദ്ദേഹം കുടുംബത്തെ അറിയിച്ചു.

സഹായവുമായി മുന്നോട്ടു വന്നിരിക്കുന്ന ചില സന്നദ്ധ സംഘടനകളുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളും, സുധിയുടെ കുടുംബം ഒരിക്കലും അനാഥമാകില്ലെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. വിദേശപര്യടനം കഴിഞ്ഞ് മുഖ്യമന്ത്രി നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ സാംസ്‌കാരിക മന്ത്രിയുമായി കൂടിയാലോചിച്ച് സുധിയുടെ കുടുംബത്തിന് നല്‍കാന്‍ കഴിയുന്ന സഹായങ്ങള്‍ സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

സി പി ഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍, മറ്റു നേതാക്കളായ കെ എം രാധാകൃഷ്ണന്‍ റെജി സക്കറിയ, സുഭാഷ് പി വര്‍ഗീസ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News