തെരുവ്‌നായ പ്രശ്നം ശാസ്ത്രീയമായി കൈകാര്യം ചെയ്യാൻ കേന്ദ്രനിയമം പരിഷ്കരിക്കണം : വി ശിവദാസൻ എം പി

ലോകത്ത് ഏറ്റവും കൂടുതൽ തെരുവ്നായകൾ ഉള്ള രാജ്യമാണ് ഇന്ത്യ. 35 ദശലക്ഷം തെരുവ്നായകളും 30 ദശലക്ഷം വളർത്തുനായകളും ഉണ്ടെന്നാണ് കണക്ക് . ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്തെ പേവിഷബാധ കൊണ്ടുള്ള മരണത്തിൽ 36 ശതമാനവും ഇന്ത്യയിൽ ആണ്. പ്രതിവർഷം 18,000 -20,000 വരെ ആളുകൾ പേവിഷബാധയേറ്റ് ഇന്ത്യയിൽ മരണപ്പെടുന്നുണ്ട്.

ഇതിനു പുറമേയാണ് നേരിട്ട് നായകൾ ആക്രമിച്ചു പരുക്കേൽപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന ഭീകരാവസ്ഥ. ബിഹാറിലെ ബെഗുസരായ് ജില്ലയിൽ മാത്രം 9 സ്ത്രീകളെയാണ് തെരുവ് നായകൾ കടിച്ചു കൊന്നത് . മനുഷ്യരെ വേട്ടയാടുന്ന ‘നരഭോജി’കളുടെ അവസ്ഥയിലേക്ക് തെരുവ് നായ്ക്കൾ മാറിയെന്നാണ് പ്രമുഖദേശീയപത്രങ്ങളടക്കം റിപ്പോർട്ട് ചെയ്തത് .

ഉത്തർപ്രദേശിലെ സീതാപൂര് ജില്ലയിൽ 8 മാസം കൊണ്ട് 13 കുട്ടികളെ നായകൾ കടിച്ചു കൊന്ന വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു . നവജാതശിശുവിനെ ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ ഓപ്പറേഷൻ തിയറ്ററിൽ നിന്നും നായ കടിച്ചു കൊണ്ട് പോയ വാർത്തയും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു .

നിരവധിയായ നടുക്കുന്ന വാർത്തകൾ പത്രത്താളുകളിൽ നിറയുമ്പോഴും, അശാസ്ത്രീയമായ അനിമൽ ബർത്ത് കൺട്രോൾ(എബിസി )റൂൾസ് 2001 തിരുത്താനുള്ള ഒരു നടപടിയും കേന്ദ്രം കൈക്കൊള്ളുന്നില്ല.

ശാസ്ത്രീയ മൃഗപരിപാലനവുമായി യാതൊരു ബന്ധവുമില്ലാത്ത കേന്ദ്രസാംസ്‌കാരികവകുപ്പാണ് 2001 ൽ മനേകാ ഗാന്ധി കേന്ദ്രമന്ത്രി ആയിരിക്കുമ്പോൾ , എബിസി റൂൾസ് 2001 കൊണ്ട് വരുന്നത്. ഈ നിയമം , തെരുവ്നായയെ സംരക്ഷിതമൃഗവർഗങ്ങളെക്കാളും നിയമപരിരക്ഷയുള്ള മൃഗമാക്കി മാറ്റി . ഉപദ്രവകാരികളായ വന്യമൃഗങ്ങളെപ്പോലും കൊല്ലാൻ അനുമതിയുണ്ടെങ്കിലും, അക്രമകാരികളായ തെരുവ് നായകളെ നീക്കം ചെയ്യാൻ പോലും നിയമം അനുവദിക്കില്ല എന്ന വിചിത്രമായ അവസ്ഥയാണ് നിലവിലുള്ളത്.

ഉടമസ്ഥരില്ലാത്ത നായകളെ തെരുവിൽ തന്നെ നിലനിർത്തുന്നത് നിയമം മൂലം നിർബന്ധമാക്കുകയാണ് എബിസി റൂൾസ് 2001 ചെയ്യുന്നത്. ഇത് മനുഷ്യനും നായയ്ക്കും വിരുദ്ധമായ നിയമമാണ്. ഇതുപ്രകാരം, ഒരാളെ ആക്രമിച്ച നായയെപ്പോലും വന്ധ്യംകരണവും കുത്തിവെയ്പ്പും നടത്തി, അതേ സ്ഥലത്തു തിരികെയെത്തിക്കാനേ സർക്കാർ സംവിധാനങ്ങൾക്ക് കഴിയൂ. നായ്ക്കളെ അവ താമസിക്കുന്ന സ്ഥലത്ത് നിന്നും മാറ്റുന്നത് പോലും നിയമപരമായി അനുവദനീയമല്ല. വന്ധ്യംകരണം കൊണ്ടോ കുത്തിവെയ്പ്പ് കൊണ്ടോ മാത്രം നായ്ക്കളുടെ അക്രമസ്വഭാവം കുറയുമെന്നു വിശ്വസിക്കാനാവില്ല.

പിഞ്ചുകുഞ്ഞുങ്ങളുടെ ദാരുണമായ മരണം പോലും കേന്ദ്രത്തിന്റെ കണ്ണ് തുറപ്പിക്കാത്തത് ദൗർഭാഗ്യകരമാണ്. ശാസ്ത്രീയമായി തെരുവ് നായപ്രശ്നം പരിഹരിക്കാനുള്ള നിയമപരിഷ്ക്കരണം അടിയന്തിര പ്രാധാന്യത്തോടെ കൊണ്ടുവരണം എന്നും വി ശിവദാസൻഎംപി ആവശ്യപ്പെട്ടു.

Also Read: കണ്ണൂരിലെ നിഹാലിന്റെ മരണം; തെരുവുനായ പ്രശ്നം സുപ്രീംകോടതിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News