ചാണകത്തിന് സംഘപരിവാറുകാര്‍ പറയുന്ന ഗുണങ്ങളുണ്ടെന്ന് പഠിപ്പിക്കാത്തതാണോ കേരളത്തിന്റെ കുറ്റം; മുരളീധരന് മന്ത്രി ശിവന്‍കുട്ടിയുടെ മറുപടി

കേരളത്തെ ഒരു കാര്യവുമില്ലാതെ വിമര്‍ശിക്കുക എന്നത് കേന്ദ്ര മന്ത്രി വി മുരളീധരന്റെ ശീലമാണെന് മന്ത്രി വി. ശിവന്‍കുട്ടി. കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങളെ കേന്ദ്ര മന്ത്രി കാണുന്നില്ല എന്ന് നടിക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ സംബന്ധിച്ച പെര്‍ഫോമന്‍സ് ഗ്രേഡിംഗ് ഇന്‍ഡക്‌സില്‍ കേരളം പ്രഥമ ശ്രേണിയിലാണ്. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം കാലഹരണപ്പെട്ടതാണെന്ന വി മുരളീധരന്റെ പ്രസ്താവന എന്ത് അടിസ്ഥാനമാക്കിയിട്ടുള്ളതാണെന്ന് മനസ്സിലാകുന്നില്ല. എന്തിനും കേരളത്തെ കുറ്റം പറയുന്ന വി. മുരളീധരന്‍ കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട് എങ്കിലും പഠിക്കണമെന്നും മന്ത്രി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

ബിജെപി കേരളത്തില്‍ പച്ച പിടിക്കാത്തത് കേരള ജനതയ്ക്ക് ലഭ്യമായ വിദ്യാഭ്യാസത്തിന്റെ ഗുണമാണ്. ചാണകത്തിന് റേഡിയോ ആക്ടിവ് വികരണങ്ങളില്‍ നിന്ന് സംരക്ഷിക്കാനുള്ള കഴിവുണ്ടെന്ന് പഠിപ്പിക്കാത്തതാണോ കേരള വിദ്യാഭ്യാസ ക്രമത്തെ കുറ്റം പറയാന്‍ വി മുരളീധരനെ പ്രേരിപ്പിച്ചതെന്നും മന്ത്രി വി ശിവന്‍കുട്ടി ചോദിച്ചു.

സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് മധ്യവേനല്‍ അവധിക്ക് തന്നെ പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടികള്‍ ആരംഭിച്ചു. ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുന്ന എല്ലാ കുട്ടികള്‍ക്കും അവധിക്കാലത്ത് 5 കിലോഗ്രാം അരിവിതരണം ചെയ്യാന്‍ നടപടികള്‍ സ്വീകരിച്ചെന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here