
തിരുവനന്തപുരം: ഇടതുമുന്നണി സർക്കാർ മൂന്നാം തവണയും അധികാരത്തിൽവരുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഇടതുമുന്നണിക്ക് അനുകൂലമാണ് ഈ തെരഞ്ഞെടുപ്പ്. നല്ല ആത്മവിശ്വാസത്തിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേമത്ത് ഒരു ആശങ്കയ്ക്കും ഇടയില്ലെന്ന് വി ശിവൻകുട്ടി പറഞ്ഞു. ഇടതുമുന്നണി തന്നെ വിജയിക്കും. ഇതിൽ ഒരു തർക്കത്തിലും ഇടയില്ല. ബിജെപിക്ക് അവരുടെ ആഗ്രഹം പ്രകടിപ്പിക്കാം. ബിജെപി ഈ തെരഞ്ഞെടുപ്പിൽ മദ്യം ഒഴുക്കുകയാണ്. നേമം മണ്ഡലത്തിൽ ബൂത്ത് അടിസ്ഥാനത്തിലാണ് മദ്യം ഒഴുക്കിയിരിക്കുന്നത്. കോടിക്കണക്കിന് രൂപയാണ് നേമം മണ്ഡലത്തിൽ വിതരണം ചെയ്യുന്നത്. തുക കേട്ടാൽ അന്തം വിട്ടു പോകും. ജനാധിപത്യ പരമായിട്ടുള്ള സംവിധാനം കേരളത്തിൽ ഉണ്ടല്ലോ. അതിനെ പണാധിപത്യം കൊണ്ട് തകർക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി. ഇടതുമുന്നണിക്ക് അനുകൂല സാഹചര്യമാണുള്ളത്. ബിജെപി കിറ്റ് കൊടുക്കുന്നു മദ്യം കൊടുക്കുന്നു പണം കൊടുക്കുന്നു ജോലി വാഗ്ദാനം ചെയ്യുന്നു. ഇതെല്ലാം രാജീവ് ചന്ദ്രശേഖർ നേരിട്ടുതന്നെ ചെയ്യുന്നു. ജനാധിപത്യത്തിൽ ഇത്രയും നാണംകെട്ട ജനാധിപത്യത്തിന് അപമാനമാകുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയാണ് ബിജെപി ചെയ്യുന്നത്. കോൺഗ്രസും ഒട്ടും മോശമല്ല. തെലങ്കാന മുഖ്യമന്ത്രി വന്ന് പറഞ്ഞ കാര്യങ്ങൾ അറിയാമല്ലോയ ഇത്രയും സംസ്കാര ശൂന്യമായ പ്രസ്താവന നടത്താൻ പാടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിലെ ജനങ്ങൾ ഇതെല്ലാം വിലയിരുത്തുമെന്ന് വി ശിവൻകുട്ടി പറഞ്ഞു. ശബരിമല സ്വർണ്ണ മോഷണത്തിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ട് എന്നല്ലല്ലോ താൻ പറഞ്ഞത്. സോണിയ ഗാന്ധിയെ പ്രതികൾ സന്ദർശിച്ചത് സംശയാസ്പദം എന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

