
സംസ്ഥാന സ്‌കൂള്‍ സിലബസില്‍ മിനിമം മാര്‍ക്ക് സമ്പ്രദായം നടപ്പിലാക്കിയുള്ള എട്ടാം ക്ലാസിലെ ആദ്യ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ഓരോ വിഷയത്തിലും 30 ശതമാനം മാര്‍ക്ക് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്തും. അടുത്തവര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക് സമ്പ്രദായം നിലവില്‍ വരുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
സംസ്ഥാന സിലബസില്‍ പഠിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ആയാണ് മിനിമം മാര്‍ക്ക് സമ്പ്രദായം പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്നത്. ഈ വര്‍ഷം എട്ടാം ക്ലാസിലെ വിദ്യാര്‍ത്ഥികളാണ് ഇത് പ്രകാരം പരീക്ഷയെഴുതിയത്. പുതിയ സമ്പ്രദായത്തിന് കീഴിലെ ആദ്യ പരീക്ഷഫലമാണ് പ്രസിദ്ധീകരിക്കുന്നത്. ഓരോ വിഷയത്തിലും 30 ശതമാനം മിനിമം മാര്‍ക്കാണ് വിദ്യാര്‍ത്ഥികള്‍ നേടേണ്ടത്. മിനിമം മാര്‍ക്ക് നേടാന്‍ കഴിയാത്ത കുട്ടികള്‍ക്കായി അധിക പിന്തുണ ക്ലാസുകള്‍ നല്‍കി വീണ്ടും പരീക്ഷ നടത്തും. ഈ മാസം എട്ടാം തീയതി മുതല്‍ 24 വരെയാകും പിന്തുണ ക്ലാസുകള്‍ സംഘടിപ്പിക്കുക. തുടര്‍ന്ന് 25 മുതല്‍ 28 വരെ പുനപരീക്ഷ നടത്തും. മുപ്പതിനാണ് ഫലപ്രഖ്യാപനം.
അടുത്തവര്‍ഷം മുതല്‍ ആകും ഒമ്പതാം ക്ലാസിലും പുതിയ സമ്പ്രദായം നിലവില്‍ വരിക. അധ്യാപകരുടെയും, രക്ഷാകര്‍ത്താക്കളുടെയും പൂര്‍ണ്ണ പിന്തുണയോടെയാണ് പുതിയ സമ്പ്രദായം നടപ്പിലാക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here