
ജൂൺ 2 ന് സ്കൂൾ തുറക്കുന്നതിന് മുമ്പ് യുദ്ധകാല അടിസ്ഥാനത്തിലാണ് തയ്യാറെടുപ്പുകൾ നടത്തുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പേരൂർക്കട ഗവ. എച്ച് എസ് എൽ പി എസ് പുതിയ ബഹുനില മന്ദിരത്തിന്റെയും പേരൂർക്കട ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പുതിയ മന്ദിരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂൾ തുറന്ന് ആദ്യത്തെ രണ്ട് ആഴ്ചകളിൽ പാഠപുസ്തക പഠനം ഉണ്ടാകില്ല. പരിസര ശുചീകരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, കായികം, കൃഷി, നല്ല പെരുമാറ്റം, റോഡ് നിയമങ്ങൾ, പോക്സോ നിയമം എന്നിങ്ങനെ കുഞ്ഞുങ്ങൾ അറിയേണ്ട സാമൂഹികപ്രസക്തിയുള്ള വിഷയങ്ങൾ പഠിപ്പിക്കും. ഒന്നാം ക്ലാസ്സിൽ പ്രവേശന പരീക്ഷ നടത്തുന്ന സ്കൂളുകൾക്കെതിരെ കർശന നിടപടി സ്വീകരിക്കും. പ്രവേശന പരീക്ഷ നടത്തി കുഞ്ഞുങ്ങളെ ദ്രോഹിക്കുന്ന സ്കൂളുകളുടെ അംഗീകാരം റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.
ALSO READ; ‘ഇന്ത്യയിൽ ഏറ്റവും അധികം ക്ഷേമനിധി ആനുകൂല്യം നൽകുന്ന സംസ്ഥാനം കേരളം’: മന്ത്രി വി ശിവൻകുട്ടി

അടച്ചുപൂട്ടലിന്‍റെ വക്കിലായിരുന്ന നിരവധി സർക്കാർ സ്കൂളുകൾ 2016ൽ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം തുറന്ന് പ്രവർത്തിപ്പിച്ചു. 5000 കോടി രൂപയാണ് സ്കൂൾ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്. കുട്ടികൾ മിടുക്കരായി പഠിച്ച് ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കണമെന്നാണ് എല്ലാ മാതാപിതാക്കളുടേയും ആഗ്രഹം. ഇതിനുള്ള എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
സ്കൂളുകളിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടങ്ങളിൽ ലിഫ്റ്റ്, എ.സി ക്ലാസ്സ് റൂം എന്നിവ സജ്ജീകരിക്കുന്നുണ്ട്. സർക്കാർ വിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള ശ്രമങ്ങളും നടത്തുന്നു. സ്കൂൾ ബാഗിന്റെ ഭാരം കൂടുതലാണെന്ന് നിരവധി കുഞ്ഞുങ്ങൾ പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സ്കൂളുകളിൽ ലിഫ്റ്റ് സൗകര്യം നൽകാൻ സർക്കാർ തീരുമാനിച്ചത്.
ജൂൺ 18ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും. എസ്.എസ്.എൽ.സി പാസ്സായ എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കും. സ്കൂളുകളുമായി ബന്ധപ്പെട്ട് 77 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 12 പേരെ സർവ്വീസിൽ നിന്ന് പുറത്താക്കി. നമ്മുടെ മക്കളോട് ക്രൂരത കാണിക്കുന്നവരോട് ഒരു ദയയും കാണിക്കില്ലെന്നും മന്ത്രി പറഞ്ഞു.

അധ്യാപകർക്ക് കുട്ടികളെ ശാസിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇന്ന് വിദ്യാലയങ്ങളിൽ ഉള്ളത്. സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കും. അധ്യാപകരുടെ സാന്നിധ്യത്തിൽ കുട്ടികളുടെ ബാഗ് പരിശോധിക്കും. ഒന്നാം ക്ലാസ്സ് മുതൽ 9വരെ എല്ലാ കുട്ടികളേയും പാസ്സാക്കുന്ന സംവിധാനമാണ് ഉണ്ടായിരുന്നത്. ഇത് മൂലം കുട്ടികളും അധ്യാപകരും പഠനവിഷയങ്ങളിൽ ശ്രദ്ധിക്കാതായി. നമ്മുടെ കുട്ടികൾ മത്സരപരീക്ഷകളിൽ പരാജയപ്പെടുന്ന അവസ്ഥയുണ്ട്. അതിനാൽ മിനിമം 30 മാർക്ക് എല്ലാ വിഷയങ്ങളിലും വിദ്യാർത്ഥികൾ നേടണമെന്ന് ഉത്തരവിട്ടുവെന്നും മന്ത്രി പറഞ്ഞു.
ആധുനിക സൗകര്യങ്ങളുള്ള പുതിയ ബഹുനില മന്ദിരമാണ് ഗവ.എച്ച്.എസ്.എൽ.പി സ്കൂളിൽ നിർമ്മിച്ചത്. നാല് നിലകളുള്ള കെട്ടിടത്തിൽ ഹൈടെക് ക്ലാസ്സ് റൂം ഉൾപ്പെടെ 11 ക്ലാസ്സ് മുറികൾ, കമ്പ്യൂട്ടർ ലാബ്, ഡൈനിംഗ്, കിച്ചൻ, സ്റ്റോർ റൂം, ഹാൾ, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. പേരൂർക്കട ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നിർമ്മിച്ചത് ഇരുനില മന്ദിരമാണ്. 6.3 കോടിയാണ് ആകെ നിർമ്മാണ ചെലവ്. സർക്കാരിന്റെ വിവിധ ഫണ്ടുകളും കിഫ്ബി ഫണ്ടും എംഎൽഎ ഫണ്ടും ഉപയോഗിച്ചാണ് മന്ദിരങ്ങൾ നിർമ്മിച്ചത്.
പേരൂർക്കട ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. വട്ടിയൂർക്കാവ് മണ്ഡലത്തിലെ സർക്കാർ സ്കൂളുകൾക്ക് ഏറ്റവും മികച്ച പശ്ചാത്തല സൗകര്യമാണ് ഒരുക്കുന്നതെന്ന് എംഎൽഎ പറഞ്ഞു. പേരൂർക്കട വാർഡ് കൗൺസിലർ ജമീല ശ്രീധരൻ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷൈല യു.എസ്, കില റീജ്യണൽ മാനേജർ ഹൈറുന്നീസ എ, സമഗ്രശിക്ഷാ അഭിയാൻ ജില്ലാ കോർഡിനേറ്റർ നജീബ്, ഹെഡ്മിസ്ട്രസ് മായ എൻ എസ്, പ്രിൻസിപ്പൽ ബിന്ദു ശിവദാസ് തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

