
രാജ്യത്തെ അന്വേഷണ ഏജൻസികളെ ബിജെപി പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആയുധമാക്കുകയാണെന്ന് വി. വസീഫ്. ബിജെപിക്കും സംഘപരിവാറിനുമെതിരെ നിലപാട് സ്വീകരിക്കുന്നവരെയെല്ലാം വേട്ടയാടാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കുറ്റം തെളിയിക്കുന്നതിൽ ഏറ്റവും മോശം സ്ഥാനത്തുള്ള ഇഡിയെ ഇതിനായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അരവിന്ദ് കെജ്രിവാളിനെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടി ഇതിന് ഉദാഹരണമാണ്. നരേന്ദ്ര മോദിക്ക് അസ്വസ്ഥതയുണ്ടാക്കിയ നേതാക്കളെ വേട്ടയാടുകയാണ് ലക്ഷ്യമെങ്കിലും ഒടുവിൽ കോടതികൾ കെജ്രിവാളിനെ വെറുതെ വിടുന്നത് നാം കണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. സംഘപരിവാർ വർഗീയതക്കെതിരെ ശബ്ദമുയർത്തുന്നവരെ ഭയപ്പെടുത്താൻ തങ്ങളുടെ ‘ഗുണ്ടാപ്പട’യായി അന്വേഷണ ഏജൻസികളെ അയക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ALSO READ: ‘മേപ്പുരയില്ലാത്തവന് എന്ത് തീപ്പൊരി ? അതാള് വേറെയാണ്’; കെ.ടി ജലീൽ
നിങ്ങളുടെ ഇഡിയോ അന്വേഷണ ഏജൻസികൾ ഒന്നടങ്കം വന്നാലും കമ്മ്യൂണിസ്റ്റ് കേരളത്തിന്റെ നായകനെ നിങ്ങൾക്ക് തൊടാൻ സാധിക്കില്ല എന്നും വസീഫ് പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് നിയമപരമായ അക്കൗണ്ടുകളിലൂടെ നടന്ന ഒരു ബിസിനസ് ഇടപാടിനെ മുൻനിർത്തിയാണ് ഇപ്പോഴത്തെ അന്വേഷണമെന്നും, ഇത് പിണറായി വിജയനിലൂടെ കേരളത്തിലെ സിപിഎമ്മിനെ വേട്ടയാടാനുള്ള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ന്യൂനപക്ഷ വിരുദ്ധ നിയമങ്ങൾക്കെതിരെ ഏറ്റവും ക്രിയാത്മകമായി പ്രതികരിച്ച സംസ്ഥാനമാണ് കേരളമെന്നും അതിന്റെ നായകനാണ് പിണറായി വിജയനെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ വേട്ടയാടലിൽ കേരളത്തിലെ യുഡിഎഫും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഇടപെടലുകൾ ഇതിന് അടിവരയിടുന്നതാണെന്നും വസീഫ് പറഞ്ഞു.
ഒരു അന്വേഷണ ഏജൻസിക്ക് മുന്നിലും നരേന്ദ്ര മോദിക്ക് മുന്നിലും മുട്ടുമടക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി തയ്യാറല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ആയിരക്കണക്കിന് പ്രവർത്തകർ തെരുവിൽ പ്രതിഷേധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

