
കവിത ചൊല്ലി ക്വിസ് മാസ്റ്ററായി മന്ത്രി വി എൻ വാസവൻ മാറിയപ്പോൾ, തത്സമയം ഉത്തരങ്ങളുമായി വിദ്യാർഥികളും. കോട്ടയം ജില്ലാതല വായനപക്ഷാചരണത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു മാഷായി മന്ത്രി മാറിയത്. മന്ത്രിയുടെ കവിത കേട്ട് അധ്യാപകരും വിദ്യാർത്ഥികളും അമ്പരന്നു.
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവ കവിത ചൊല്ലി കൊണ്ടായിരുന്നു മന്ത്രി വി.എൻ വാസവൻ ജില്ലാതല വായനപക്ഷാചരണത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചത്. അവിടെ തീർന്നില്ല മന്ത്രിയുടെ കവിത. വളളത്തോളിന്റേയും വയലാറിന്റെയും കുമാരനാശാന്റേയും ചങ്ങമ്പുഴയുടേയും ഒ.എൻ.വിയുടേയും കവിതകൾ വരികൾ തെറ്റാതെ ഈണത്തിലും താളത്തിലും ചൊല്ലി മന്ത്രി കുട്ടികളോട് ചോദ്യങ്ങൾ ചോദിച്ചു.
ആദ്യമൊന്ന് അമ്പരന്നെങ്കിലും കുട്ടികളും രക്ഷിതാക്കളും മന്ത്രിയുടെ ചോദ്യത്തിന് മറുപടി നൽകി. ഉത്തരം നൽകിയവർക്ക് മന്ത്രിയുടെ വക സമ്മാനവും. അങ്ങനെ വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വായനയുടെയും അറിവിന്റെയും മലയാള കവിതകളുടേയും ആഘോഷവേദിയായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here