
സ്വകാര്യ കരിമണൽ ഖനനത്തിന് അനുമതി നൽകിയത് എൽഡിഎഫ് സർക്കാരാണെന്ന വി എം സുധീരൻറെ വാദം പൊളിയുന്നു .1995 മുതൽ മാറി ഭരിച്ച യുഡിഎഫ് സർക്കാർ സ്വകാര്യ കരിമണൽ ഖനനത്തിന് ഖനനാനുമതി നൽകിയതിൻറെ രേഖകൾ പുറത്ത്.
കേരളത്തിൽ സ്വകാര്യമേഖലയ്ക്ക് ഖനനാനുമതി നൽകിയത് യുഡിഎഫ് സർക്കാരിൻറെ കാലത്താണെന്ന വസ്തുത നിലനിൽക്കെയാണ് അതിനെ പൂർണമായി വി എം സുധീരൻ റദ്ദ് ചെയ്യുന്നത്. എന്നാൽ കഴിഞ്ഞ കാലങ്ങളിലെ കണക്കുകൾ യഥാർത്ഥ വസ്തുതയെ തുറന്നുകാണിക്കുന്നു.
എ കെ ആൻറണി സർക്കാരിൻറെ കാലത്താണ് കരിമണൽ ഖനനനീക്കത്തിന് തുടക്കം കുറിക്കുന്നത്. 1995 നവംബർ പതിനാറിന് എ കെ ആൻറണി കൊല്ലം തീരത്ത് കരിമണൽ ഖനനത്തിന് അനുമതി നൽകി ഉത്തരവിറക്കി. എന്നാൽ ജനങ്ങളുടെ സമരത്തിനുമുൻപിൽ യുഡിഎഫ് സർക്കാരിന് അടിയറവുവെയ്ക്കേണ്ടിവന്നു. തൊട്ടുപിന്നാലെ നാലുമാസത്തിനകം വീണ്ടും ഒരു ഖനനാനുമതി കൂടി യുഡിഎഫ് നൽകി. വെസ്ട്രേലിയൻ സാൻഡ്സ് ഇന്ത്യാ ലിമിറ്റഡിനും സിഎംഅർഎല്ലിനുമാണ് ഇത്തവണ അനുമതി നൽകിയത്. തെരഞ്ഞടുപ്പിന് തൊട്ടുമുൻപ് ആയിരുന്നു ജനങ്ങളെ വഞ്ചിക്കുന്ന നിലപാട് യുഡിഎഫ് സ്വീകരിച്ചത്. എന്നാൽ തെരഞ്ഞടുപ്പിന് ശേഷം അധികാരത്തിലെത്തിയ നായനാറിൻറെ നേതൃത്വത്തിലുള്ള ഇടത് സർക്കാർ അടുത്ത അഞ്ചുവർഷത്തേക്ക് ഖനനാനുമതി പൂർണമായും നിർത്തിവെപ്പിച്ചു. 2002ൽ വീണ്ടും അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ പുതിയ ഖനനനയം പുറത്തിറക്കി. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സംയുക്ത സംരഭങ്ങൾക്ക് ഖനനാനുമതി നൽകുന്നതായിരുന്നു നയം. ഇതുപ്രകാരം ആറാട്ടുപ്പുഴ – തൃക്കുന്നപ്പുഴ തീരഖനനത്തിന് വഴിയൊരുങ്ങി. 2003 മെയ് 5ന് ഇതേതീരത്ത് സിഎംആർഎലിനു 63 ശതമാനം ഓഹരി പങ്കാളിത്തമുണ്ടായിരുന്ന കെആർഇഎംഎലിനു ഖനനാനുമതി നൽകി സർക്കാർ ഉത്തരവിറക്കി. എന്നാൽ കെആർഇഎംഎലിന് നൽകിയ ഖനനാനുമതി ഹൈക്കോടതി റദ്ദാക്കി. തുടർന്ന് സ്റ്റേയ്ക്കെതിരെ സംസ്ഥാന സർക്കാർ കോടതിയിൽ നിലപാടെടുത്തു, 2004 സെപ്തംബർ 15ന് കെആർഇഎംഎലിന് തന്നെ ഖനനത്തിനുള്ള അന്തിമ അനുമതിയും സർക്കാർ നൽകി. എന്നാൽ അതിശക്തമായ സമരത്തെ തുടർന്ന് ആറാട്ടുപുഴ – തൃക്കുന്നപ്പുഴ തീരത്തെ ഖനനാനുമതി യുഡിഎഫ് സർക്കാരിന് റദ്ദാക്കേണ്ടി വന്നു. അതിനു പകരമായി ചവറത്തീരം കെആർഇഎംഎലിനു ഖനനത്തിനു തുറന്നു കൊടുക്കാനുള്ള തീരുമാനം യുഡിഎഫ് സർക്കാർ മുന്നോട്ടുവെച്ചു. 2006 ജനുവരി ഒന്നിന് ഇതുപ്രകാരം ഉത്തരവും പുറത്തിറക്കി. 2006ൽ അധികാരത്തിലെത്തിയ വി എസ് അച്യുതാനന്ദൻ സർക്കാർ സ്വകാര്യ കരിമണൽ ഖനനം നയപരമായി തന്നെ നിരാകരിച്ചു.
Also Read: ഖത്തറിലെ റാസ് ലഫാനിലുണ്ടായ അപകടം: മരണപ്പെട്ട 12 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കും
2007 ജൂൺ 18ന് പുതിയ ഉത്തരവുപ്രകാരം പൊതുമേഖലയ്ക്കു മാത്രമായിരിക്കും കരിമണൽ ഖനനാനുമതി എന്നു വ്യക്തമാക്കി. ഇതോടെ കെആർഇഎംഎലിനു എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയും നൽകിയ ഖനനാനുമതി നിഷേധിക്കപ്പെട്ടു. തുടർന്ന് കേന്ദ്ര ഖനി വകുപ്പിനു കെആർഇഎംഎൽ റിവിഷൻ ഹർജി നൽകി. ഖനനാനുമതി നൽകാൻ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. എന്നാൽ സംസ്ഥാന സർക്കാർ അതിന് വഴങ്ങിയില്ല. 2011 നുശേഷം അധികാരത്തിൽ വന്ന ഉമ്മൻചാണ്ടി സർക്കാർ കേസുകൾ മനപൂർവ്വം തോറ്റുകൊടുത്തു. ഇതോടെ 2013 ൽ കെആർഇഎംഎലിനു അനുകൂലമായി കോടതി വിധി വന്നു. ഇതിനെ തുർന്ന് വീണ്ടും സർക്കാർ തലത്തിൽ ഖനന നീക്കം സജീവമായി. പക്ഷേ ശക്തമായ പ്രക്ഷോഭത്തെ തുടർന്ന് വീണ്ടും ഖനനം നിർത്തിവെച്ചു. 2016 ൽ അധികാരത്തിൽ വന്ന പിണറായി വിജയൻ സർക്കാർ സ്വകാര്യ ഖനനം പൂർണമായും റദ്ദാക്കി തീരത്തെ സംരക്ഷിച്ചു. ഈ വസ്തുതകൾ എല്ലാം നിലനിൽക്കെയാണ് വി എം സുധീരൻറെ കണ്ണ് അടച്ച് ഇരുട്ടാക്കൽ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

