
വടകരയിൽ കോൺഗ്രസ് ഗ്രൂപ്പ് പോര് മുറുകുന്നു. ഡി.സി.സി പ്രസിഡന്റ് പ്രവീൺ കുമാർ, കോട്ടയിൽ രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ തങ്ങളെ ബോധപൂർവ്വം അവഗണിക്കുന്നുവെന്നാരോപിച്ച് ഐ വിഭാഗം നേതാക്കൾ രഹസ്യ യോഗം ചേർന്നു. കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ. ഐ. മൂസ, സുനിൽ മടപ്പള്ളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു വടകരയിൽ യോഗം നടന്നത്. ബ്ലോക്ക് ഭാരവാഹികൾ മുതൽ മുകളിലോട്ടുള്ള മുപ്പതോളം പ്രമുഖ നേതാക്കൾ ഈ യോഗത്തിൽ പങ്കെടുത്തു.
വടകര, അഴിയൂർ ബ്ലോക്ക് പ്രസിഡന്റുമാരെയും മണ്ഡലം ഭാരവാഹികളെയും രാഷ്ട്രീയ മര്യാദകൾ ലംഘിച്ച് ഏകപക്ഷീയമായി മാറ്റാൻ ശ്രമിക്കുന്നുവെന്നും, ഇത് വടകര മുനിസിപ്പാലിറ്റിയിലും ചോറോട് പഞ്ചായത്തിലും പാർട്ടിയുടെ വിജയസാധ്യതയെ തകർക്കുമെന്നും നേതാക്കൾ ആരോപിക്കുന്നുണ്ട്.
ALSO READ : സീറ്റ് നിഷേധത്തിൽ പ്രതിഷേധ ഫേസ്ബുക് പോസ്റ്റുമായി റിങ്കു ചെറിയാൻ
കെ.പി.സി.സി നേതൃത്വത്തിന് നൽകിയ പരാതിയിൽ സുനിൽ മടപ്പള്ളി, കെ. പീതാംബരൻ, ഗ്രാമപഞ്ചായത്ത് മെമ്പർ പി. അശോകൻ തുടങ്ങി മുപ്പതോളം ഭാരവാഹികളാണ് ഒപ്പുവെച്ചിരിക്കുന്നത്. നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നേതൃത്വം തയ്യാറായില്ലെങ്കിൽ കെ.പി.സി.സി സെക്രട്ടറിമാർ രാജിവെക്കുമെന്ന് യോഗത്തിൽ അറിയിച്ചു . ഐ വിഭാഗം പ്രവർത്തകരെയും നേതാക്കളെയും ആസൂത്രിതമായി വെട്ടിനിരത്തുകയാണെന്ന പരാതി ഇവർ കെ.പി.സി.സി നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

