
ദില്ലി: ഈ ഐപിഎല്ലിൽ ഇതിനോടകം ബോളർമാരുടെ പേടിസ്വപ്നമായി മാറിക്കഴിഞ്ഞ രാജസ്ഥാൻ റോയൽസിന്‍റെ കൌമാരവിസ്മയം വൈഭവ് സൂര്യവംശി. ആദ്യപന്ത് മുതൽ ആക്രമിച്ചുകളിക്കാൻ ഇഷ്ടപ്പെടുന്ന സൂര്യവംശി, ഐപിഎല്ലിൽ നിരവധി റെക്കോർഡുകൾ ഇതിനോടകം നേടിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ബാറ്റിങ്ങിൽ നിറംമങ്ങിയിട്ടും രണ്ട് റെക്കോർഡുകൾ കൂടി സൂര്യവംശി സ്വന്തം പേരിൽ കുറിച്ചു. അവ ഏതൊക്കെയെന്ന് നോക്കാം.
ഏകാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ 40 റൺസിന് ലഖ്‌നൗവിനെ തോൽപ്പിച്ചു. ഈ മത്സരത്തിൽ 11 പന്തിൽ നിന്ന് 8 റൺസ് മാത്രമാണ് സൂര്യവംശി നേടിയത്. എന്നാൽ ഐപിഎല്ലിലെ രണ്ട് റെക്കോർഡുകൾ കൂടി അദ്ദേഹം നേടി. ഐപിഎൽ ചരിത്രത്തിൽ 500 റൺസ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി സൂര്യവംശി മാറി.
ഇക്കാര്യത്തിൽ പൃഥ്വി ഷായെ (19 വർഷവും 164 ദിവസവും) ആണ് സൂര്യവംശി മറികടന്നത്. കഴിഞ്ഞ ദിവസം ലഖ്‌നൗവിനെതിരെ കളിക്കുമ്പോൾ സൂര്യവംശിയുടെ പ്രായം 15 വയസും 26 ദിവസവുമാണ്. ഇതോടെ മലയാളിതാരം സഞ്ജു സാംസൺ (19 വർഷവും 195 ദിവസവും) 500 റൺസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Also Read- ജഡേജയുടെ മാസ്റ്റർക്ലാസ്; ബാറ്റ് കൊണ്ടും ബൗള് കൊണ്ടും കളം കീഴടക്കി താരം
നേരിട്ട പന്തുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും വേഗത്തിൽ 500 റൺസ് എന്ന നാഴികക്കല്ല് പിന്നിട്ട കളിക്കാരൻ എന്ന റെക്കോർഡും സൂര്യവംശി സ്വന്തമാക്കി. വെറും 227 പന്തുകളിൽ നിന്നാണ് ഈ നാഴികക്കല്ല് പിന്നിട്ടത്. ഇക്കാര്യത്തിൽ ഓസ്‌ട്രേലിയയുടെ ഗ്ലെൻ മാക്‌സ്‌വെല്ലിനെയാണ് സൂര്യവംശി പിന്നിലാക്കിയത്. മാക്‌സ്‌വെല്ലിനേക്കാൾ 33 പന്തുകൾ കുറച്ച് കളിച്ചാണ് സൂര്യവംശി ഈ നേട്ടത്തിൽ എത്തിയത്.
ഐപിഎല്ലിൽ ഇതിനോടകം തകർപ്പൻ ഫോമിലാണ് വൈഭവ് സൂര്യവംശി ബാറ്റിങ് പ്രയാണം തുടരുന്നത്. 14 മത്സരങ്ങളിൽ നിന്ന് 36.14 ശരാശരിയിൽ 506 റൺസും സ്ട്രൈക്ക് റേറ്റ് 213ന് മുകളിലുമാണ്. കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തിൽ സെഞ്ച്വറി നേടിയാണ് വൈഭവ് സൂര്യവംശി ഐപിഎൽ സീസൺ അരങ്ങേറ്റം ഗംഭീരമാക്കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

