
ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ ശ്രീലങ്കൻ എ ടീമിനെതിരെ മിന്നും പ്രകടനം കാഴ്ച്ചവെച്ച് വൈഭവ് സൂര്യവംശി. ഇന്ത്യ എ-യ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്ത സൂര്യവംശി അർധസെഞ്ച്വറി നേടിയത് വെറും 11 പന്തിൽ നിന്നാണ്. ലിസ്റ്റ് എ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർധസെഞ്ച്വറി ആയി ഇത് മാറി. 2005-06 സീസണിൽ 12 പന്തിൽ 50 റൺസ് തികച്ച നേടിയ ശ്രീലങ്കയുടെ കൗശല്യ വീരരത്നെയുടെ റെക്കോർഡാണ് ഇന്ത്യയുടെ ‘വണ്ടർ കിഡ്’ പുഷ്പം പോലെ തകർത്തിരിക്കുന്നത്.
ടോസ് നേടി ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിനായി അയച്ചപ്പോൾ അവർ ഓർത്തിരുന്നില്ല പയ്യൻ അടിച്ച് കയറുമെന്ന്. ഇന്നിങ്സിലെ ആദ്യ 4 ഓവറുകൾക്കുള്ളിൽ തന്നെ 5 കൂറ്റൻ സിക്സറുകളും 5 ഫോറുകളും ആണ് സൂര്യവംശി നേടിയത്. സെഞ്ചുറി നേട്ടത്തിലേക്ക് കുതിച്ച സൂര്യവംശി, ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി റെക്കോർഡിനൊപ്പമെത്താൻ ശ്രമിച്ചെങ്കിലും ലങ്കൻ ക്യാപ്റ്റൻ സഹൻ അരച്ചിഗെയുടെ പന്തിൽ വിജയ്കാന്ത് വ്യാസ്കാന്തിന് ക്യാച്ച് നൽകി കളം വിടുകയായിരുന്നു. വെറും 29 പന്തിൽ 94 റൺസ് എടുത്താണ് താരം തലയുയർത്തി മടങ്ങിയത്.
ALSO READ: ലോകകപ്പിലെ 1000-ാം അങ്കം; ടുണീഷ്യയെ തകർത്തെറിഞ്ഞ് ‘സമുറായി ബ്ലൂസ്’
ശ്രീലങ്ക എ, അഫ്ഗാനിസ്ഥാൻ എ ടീമുകൾക്കെതിരെ നടന്ന കഴിഞ്ഞ നാല് മത്സരങ്ങളിലും വൈഭവിന് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ ശ്രീലങ്കൻ താരങ്ങളുമായി വൈഭവ് വാക്കേറ്റത്തിൽ ഏർപ്പെട്ടത് വിവാദമായിരുന്നു. സൂപ്പർ ഓവറിലേക്കു നീണ്ട മത്സരം ലങ്ക ജയിച്ചതിനു പിന്നാലെയായിരുന്നു സംഭവം. ലങ്കന്‍ താരം വിഷന്‍ ഹലംബാഗെ വൈഭവിന് സമീപമെത്തി ആവേശപ്രകടനം നടത്തി. ഇരുവരും വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. വൈഭവ് ശ്രീലങ്കന്‍ താരത്തെ തള്ളിയപ്പോള്‍, ഹലംബാഗെയും തിരിച്ചുതള്ളി പിന്നീട് മറ്റ് താരങ്ങള്‍ ഇടപെട്ടതോടെയാണ് വിഷയം നിയന്ത്രിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

