കേരളത്തിന്റെ സാംസ്കാരിക സൂര്യൻ: മഹാകവി വള്ളത്തോൾ സ്മരണയിൽ

Vallathol Narayana Menon death anniversary

ആശ വി. ആർ.

മലയാള ഭാഷയുടെയും കേരളീയ കലകളുടെയും ചരിത്രത്തിൽ വള്ളത്തോൾ നാരായണമേനോൻ എന്ന പേര് വെറുമൊരു കവിയുടേതല്ല, അതൊരു സാംസ്‌കാരിക വിപ്ലവത്തിന്റെ അടയാളമാണ്. നിശബ്ദതയുടെ ലോകത്തിരുന്ന് അക്ഷരങ്ങളിലൂടെയും മുദ്രകളിലൂടെയും അദ്ദേഹം തീർത്ത അത്ഭുതങ്ങൾ ഇന്നും മലയാളിയുടെ സ്വത്വമായി നിലനിൽക്കുന്നു. ഭാരതപ്പുഴയുടെ തീരത്ത് നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് മലയാളത്തിന്റെ പെരുമ എത്തിച്ച ആ യുഗപുരുഷന്റെ ചരമദിനത്തിൽ അദ്ദേഹം പടുത്തുയർത്തിയ സാംസ്‌കാരിക ഗോപുരത്തെ ഓർക്കാതിരിക്കുന്നതെങ്ങനെ!

അക്ഷരങ്ങളിലെ അഗ്നിപർവ്വം: കവിത്രയത്തിലെ കരുത്തൻ

ആധുനിക കവിത്രയങ്ങളിൽ ആശയസമ്പന്നത കൊണ്ടും ഭാഷാശുദ്ധികൊണ്ടും ശ്രദ്ധേയനായിരുന്നു വള്ളത്തോൾ. 1878ൽ മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് ജനിച്ച അദ്ദേഹം ചെറുപ്പത്തിൽ തന്നെ സംസ്‌കൃതത്തിലും തർക്കശാസ്ത്രത്തിലും അഗാധപാണ്ഡിത്യം നേടി. “ചിത്രയോഗം ” മഹാകാവ്യം രചിച്ചതോടെ “മഹാകവി “എന്ന് ആദരവോടെ വിളിച്ചുതുടങ്ങി. മറ്റൊരു കവിക്കും സാധിക്കാത്ത വിധം സാധാരണക്കാരന്റെ വികാരങ്ങളെയും ആത്മീയതയെയും അദ്ദേഹം കവിതയിലേക്ക് കൊണ്ടുവന്നു.

ALSO READ: ആത്മവിശ്വാസത്തോടും അന്തസ്സോടും കൂടി ജീവിക്കാൻ തീരുമാനിച്ച ഒരു കൂട്ടം സ്ത്രീകളുടെ ജീവിതകഥയാണ് ‘സ്വാഭിമാൻ’: ഡോ. പ്രീതി അദാനി

‘മഗ്ദലനമറിയം ‘ എന്ന കാവ്യത്തിലൂടെ ക്രിസ്തുദേവന്റെ കാരുണ്യത്തെയും പാപമോചനത്തെയും മലയാളികൾക്ക് പരിചയപ്പെടുത്തിയപ്പോൾ, ‘കൊച്ചുസീത’യിയൂടെ സാമൂഹിക അനീതികൾക്കെതിരെ അദ്ദേഹം തൂലിക ചലിപ്പിച്ചു. പുരാണകഥകളെ മാനുഷികമായ കാഴ്ചപ്പാടോടെ അവതരിപ്പിക്കുന്നതിൽ അദ്ദേഹം കാണിച്ച വൈഭവം സമാനതകളില്ലാത്തതായിരുന്നു.

ബധിരതയെ തോൽപ്പിച്ച സർ​ഗശക്തി

വള്ളത്തോളിന്റെ ജീവിതത്തിലെ ഒരു തിരിച്ചടിയായിരുന്നു അദ്ദേഹത്തെ ബാധിച്ച ബധിരത. എന്നാൽ ആ നിശബ്ദത അദ്ദേഹത്തെ തളർത്തിയില്ല. പകരം പുറം ലോകത്തിന്റെ ശബ്ദകോലാഹലങ്ങളിൽ നിന്നും മാറി സ്വന്തം മനസിന്റെ സംഗീതം ആസ്വദിച്ചു. “എന്റെ കാതുകൾ അടഞ്ഞുവെങ്കിലും എന്റെ ഹൃദയവാതിലുകൾ ലോകത്തിനായി തുറന്നിടുന്നു” എന്ന് ബാധിര വിലാപത്തിലെ വരികളിലൂടെ തന്റെ അവസ്ഥ വ്യക്തമാക്കി. പിൽക്കാലത്ത് കഥകളി മുദ്രകളിലൂടെ സംവദിക്കാനും ഭാവങ്ങളെ തിരിച്ചറിയാനും ഈ നിശബ്ദത അദ്ദേഹത്തിന് ഒരു തപസായി മാറി.

ദേശീയതയുടെ ശംഖൊലി: ഗാന്ധിജിയുടെ കവി

സ്വതന്ത്രസമരകാലത്ത് വള്ളത്തോൾ കവിതകൾ വിപ്ലവത്തിന്റെ ഇടിമുഴക്കങ്ങൾ ആയിരുന്നു. ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിച്ച അദ്ദേഹം ഭാരതീയതയെ അളവറ്റ്‌ സ്നേഹിച്ചു. “ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമന്തരംഗം, കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര ഞരമ്പുകളിൽ” ഈ വരികൾ ഇന്നും ഓരോ മലയാളിയുടെയും ദേശീയ ബോധത്തിന്റെ ആസ്ഥാനമാണ്. “എന്റെ ഗുരുനാഥൻ” എന്ന കവിതയിലൂടെ അദ്ദേഹം ഗാന്ധിജിയെ ലോകത്തിനുമുന്നിൽ മഹത്വവൽക്കരിച്ചു. ഖാദി പ്രസ്ഥാനത്തിനും അയിത്തോച്ചാടനത്തിനും വേണ്ടി അദ്ദേഹം നടത്തിയ കാവ്യപോരാട്ടങ്ങൾ ഓരോ ഇന്ത്യക്കാരനിലും ആത്മവിശ്വാസം നിറച്ചു.

ALSO READ: പ്രിയമുള്ള കുഞ്ഞു പ്രതിഭേ ക്ലിന്റേ…! ആ കുഞ്ഞുവിരലുകൾ തീർത്ത വർണ്ണചിത്രങ്ങൾ ഇനി ജി സി ഡി എ ഗ്യാലറിയെ മനോഹരമാക്കും

കേരള കലാമണ്ഡലം: കലയുടെ കളിത്തട്ട്

കഥകളി എന്ന കലാരൂപത്തെ സംരക്ഷിക്കാൻ വേണ്ടി 1930ൽ ഭാരതപ്പുഴയുടെ തീരത്ത് ചെറുത്തുരുത്തിയിൽ കലാമണ്ഡലം തുടങ്ങി. കഥകളിക്കു പുറമെ മോഹിനിയാട്ടം, കൂടിയാട്ടം തുടങ്ങിയ കലകളെയും അദ്ദേഹം പരിപോഷിപ്പിച്ചു. കലാമണ്ഡലം ഇന്ന് ഒരു സർവകലാശാലയായി വളർന്നുനിൽക്കുന്നത് അദ്ദേഹത്തിൻറ്റെ നിശ്ചയദാർഢ്യത്തിന്റെ കൂടി ഫലമാണ്. മലയാളിയുടെ സ്വത്വവും അഭിമാനവും ലോകത്തിന്‌ മുന്നിൽ ഉയർത്തിപ്പിടിച്ച വള്ളത്തോൾ, മലയാളം നിലനിൽക്കുന്നിടത്തോളം കാലം ഓരോ മലയാളിയുടെയും ഹൃദയത്തിൽ സ്മരിക്കപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News