
വിനോദസഞ്ചാരത്തിന് പലരും തിരഞ്ഞെടുക്കുന്ന സ്ഥലമാണ് വാൽപ്പാറ. മനോഹരമായ, സാഹസികമായ ഒരു സൗന്ദര്യം അവിടെയുണ്ട്. എന്നാൽ മനോഹരമായ കാഴ്ചകൾക്കപ്പുറം വിനോദസഞ്ചാരികളെ കാത്ത് മരണക്കെണികൾ ഒളിഞ്ഞിരിക്കുന്ന പാതയായി ഇപ്പോൾ വാൽപ്പാറ-പൊള്ളാച്ചി റോഡ് മാറുകയാണ്. മലപ്പുറം കൊളത്തൂർ പാങ്ങിൽ നിന്നുള്ള അധ്യാപകരുടെ സംഘം അവിടെ അപകടത്തിൽപ്പെട്ടപ്പോൾ വീണ്ടും ചർച്ചയാക്കുകയാണ് ഈ പാതയും ഇവിടുത്തെ അപകട കഥകളും.
പശ്ചിമഘട്ടത്തിൽ 3,500 അടി ഉയരത്തിലാണ് വാൽപ്പാറ എന്ന നഗരം സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷുകാരാണ് പ്രകൃതിസുന്ദരമായ മലനിരകളിൽ തേയില കൃഷി ആരംഭിച്ചത്. പിന്നീടാണ് ഇത് തിരക്കേറിയ വിനോദസഞ്ചാര മേഖലയായി മാറിയത്. ചെങ്കുത്തായി ഇറങ്ങിവരുന്ന 40 ഹെയർ പിൻവളവുകളുള്ള റോഡാണ് ഇവിടുത്തെ പ്രത്യേകത.
ഇവിടെ സംരക്ഷണ ഭിത്തി കെട്ടിയിട്ടുണ്ട്. കൂടാതെ ഓരോ വളവിനും നമ്പർ രേഖപ്പെടുത്തി വഴിയിൽ ഉടനീളം ബോർഡുകൾ സ്ഥാപിക്കുകയും അപകട മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ഈ മലമ്പാതയിൽ ഡ്രൈവർമാരുടെ ചെറിയൊരു അശ്രദ്ധ പോലും വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുന്നതാണ്. ഇവിടെ വാഹനങ്ങൾ നിയന്ത്രണം തെറ്റി താഴോട്ട് പതിക്കാറുണ്ട്.
ALSO READ: ‘നമ്മൾ നെയ്യും വസന്തം മായരുതെങ്ങും’; ആ കളിചിരികൾ മാഞ്ഞപ്പോൾ മായാതെ ആശ ടീച്ചറുടെ അവസാന ഈണം
കഴിഞ്ഞ എട്ട് വർഷത്തിനിടെ 20ലധികം പേരാണ് ഇവിടെ വാഹനാപകടങ്ങളിൽ പെട്ട് മരിച്ചിട്ടുള്ളത്. ഇതുവഴി സഞ്ചരിക്കുന്നവരോട് ജാഗ്രത പുലർത്തമെന്ന നിർദേശം നൽകാറുണ്ടെങ്കിലും അപകടങ്ങൾക്ക് കുറവുണ്ടായിട്ടില്ല. വിനോദ യാത്രകൾക്കും തീർഥാടനങ്ങൾക്കുമായി പ്രതിദിനം ആയിരങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. തമിഴ്‌നാട്ടിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, പ്രത്യേകിച്ച് പശ്ചിമഘട്ട മലനിരകളിലൂടെയുള്ള ചുരം പാതകൾ, ഹെയർപിൻ വളവുകൾ, കുത്തനെയുള്ള പാതകൾ, ഡ്രൈവർമാരുടെ പരിചയക്കുറവ് തുടങ്ങി നിരവധി കാരണങ്ങൾ ആണ് ഇവിടെ നടക്കുന്ന അപകടങ്ങൾക്ക് കാരണം.
ഇവിടെ നടക്കുന്ന അപകടങ്ങളുടെ കണക്കെടുത്താൽ കണ്ണ് നിറയും. അതിൽ ഏറ്റവും ദാരുണമായത് 2018 മേയ് ഒമ്പതിന് പളനിക്ക് സമീപം കോട്ടയം ജില്ലയിലെ മുണ്ടക്കയത്തിനടുത്തുള്ള കോരുത്തോട് സ്വദേശികളായ ഏഴുപേർ മരിച്ചതാണ്. മാത്രമല്ല മറ്റൊന്ന് 2016 ജൂലൈ 25ന് ഇടുക്കി കട്ടപ്പനയിൽനിന്ന് വേളാങ്കണ്ണിയിലേക്ക് പോയ സംഘത്തിന്റെ വാൻ ബസുമായി കൂട്ടിയിടിച്ച് ആറുപേർ മരിച്ചതാണ്. 2024 ഡിസംബർ 28ന് തേനി-പെരിയകുളം പാതയിൽ കോട്ടയം കുറവിലങ്ങാട് സ്വദേശികൾ സഞ്ചരിച്ച വാൻ ടൂറിസ്റ്റ് വാനുമായി കൂട്ടിയിടിച്ച് മൂന്നുപേരും മരിച്ചിരുന്നു.
രാത്രികാലങ്ങളിലെ മൂടൽമഞ്ഞും ഇടുങ്ങിയ റോഡുകളും അപകടങ്ങളുടെ തോത് വർധിപ്പിക്കുന്നു. പലപ്പോഴും വാഹനങ്ങളുടെ ബ്രേക്ക് തകരാറിലാകുന്നതാണ് കൊക്കയിലേക്ക് മറിയാൻ പ്രധാന കാരണമാകുന്നത്. കുത്തനെയുള്ള പാതകളിൽ തുടർച്ചയായി ബ്രേക്ക് ഉപയോഗിക്കുന്നത് ബ്രേക്ക് സിസ്റ്റം ചൂടാകാനും അത് പ്രവർത്തനരഹിതമാകാനും തുടർന്ന് നിയന്ത്രണം നഷ്ടപ്പെകാനും കാരണമാകുന്നു.
പരിചയമില്ലാത്ത ഡ്രൈവർമാർ താഴ്ന്ന ഗിയറിൽ വാഹനം ഇറക്കുന്നതിന് പകരം ബ്രേക്കിനെ മാത്രം ആശ്രയിക്കുന്നത് ഇത്തരം അപകടങ്ങൾക്ക് വഴിവെക്കുന്നുവെന്ന് പഠനങ്ങളിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിൽ നിന്നുള്ള സംഘങ്ങൾ ദീർഘദൂര യാത്രകളിൽ ആവശ്യമായ വിശ്രമമില്ലാതെ വാഹനം ഓടിക്കുന്നതും അപകടസാധ്യത സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം മേഖലകളിലേക്ക് ഇനിയുള്ള യാത്രകൾ ഏറെ ശ്രദ്ധിക്കണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

