‘ചെയര്‍കാറിന് 1,590, എക്‌സിക്യൂട്ടീവ് ക്ലാസ് 2,880’; വന്ദേഭാരത് ബുക്കിംഗ് തുടങ്ങി

വന്ദേഭാരതിന്റെ ബുക്കിങ് ആരംഭിച്ചു. ഇന്ന് രാവിലെ എട്ട് മണി മുതലാണ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്. വെള്ളിയാഴ്ച ആരംഭിക്കുന്ന സര്‍വീസിനുള്ള ബുക്കിംഗിനാണ് തുടക്കമായിരിക്കുന്നത്. കൗണ്ടറുകള്‍, വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചെയര്‍കാറിന് 1,590 രൂപയാണ് ഈടാക്കുന്നത്. 914 സീറ്റുകളാണ് ചെയര്‍കാറിലുള്ളത്. 86 സീറ്റുകളാണ് എക്‌സിക്യൂട്ടീവ് കോച്ചിന്. വന്ദേഭാരത് എക്‌സിക്യൂട്ടീവ് ക്ലാസില്‍ യാത്ര ചെയ്യാന്‍ 2,880 രൂപ നല്‍കണം. തിരുവനന്തപുരം കൊല്ലം വരെ ചെയര്‍കാറിന് 435 രൂപയാണ്. എക്‌സിക്യൂട്ടീവ് കോച്ചിന് ഇത് 820 ആകും. തിരുവനന്തപുരം-കോട്ടയം ചെയര്‍കാര്‍ 555, എക്‌സിക്യൂട്ടീവ് കോച്ച് 1075 എന്നിങ്ങനെയാണ് നിരക്കുകള്‍. തിരുവന്തപുരം-എറണാകുളം നോര്‍ത്ത് (765, 1,420), തിരുവനന്തപുരം-തൃശൂര്‍ (880,1,650), തിരുവനന്തപുരം- ഷൊര്‍ണൂര്‍ (950,1,775), തിരുവനന്തപുരം-കോഴിക്കോട് (1,090,2,060), തിരുവനന്തപുരം- കണ്ണൂര്‍ (1,260, 2,415), തിരുവനന്തപുരം- കാസര്‍ഗോഡ് (1,590, 2,880) എന്നിങ്ങനെയാണ് നിരക്കുകള്‍. രാവിലെ 5.20നാണ് തിരുവനന്തപുരത്തുനിന്ന് വന്ദേഭാരത് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1.25 ന് ട്രെയിന്‍ കാസര്‍ഗോട്ട് എത്തും. തിരിച്ച് ഉച്ചയ്ക്ക് 2.30 ന് കാസര്‍ഗോട്ടു നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 10.35 ന് തിരുവനന്തപുരത്ത് എത്തും.

ട്രെയിനിന്റെ സമയം സംബന്ധിച്ച വിവരം ചുവടെ ചേര്‍ക്കുന്നു

തിരുവനന്തപുരം-കാസര്‍ഗോട്ട് വന്ദേഭാരത് (20634)

തിരുവനന്തപുരം- 5.20
കൊല്ലം-6.07
കോട്ടയം-7.25
എറണാകുളം ടൗണ്‍- 8.17
തൃശൂര്‍- 9.22
ഷൊര്‍ണൂര്‍-10.02
കോഴിക്കോട്-11.03
കണ്ണൂര്‍- 12.03
കാസര്‍ഗോഡ്- 1.25

കാസര്‍ഗോഡ്-തിരുവനന്തപുരം വന്ദേഭാരത് (20633)

കാസര്‍ഗോഡ്-2.30
കണ്ണൂര്‍-3.28
കോഴിക്കോട്- 4.28
ഷൊര്‍ണൂര്‍- 5.28
തൃശൂര്‍- 6.03
എറണാകുളം-7.05
കോട്ടയം- 8.00
കൊല്ലം- 9.18
തിരുവനന്തപുരം-10.35

അതേസമയം വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് ഒഴിവാക്കിയതിനെച്ചൊല്ലി പ്രതിഷേധം ശക്തമാവുകയാണ്. തിരൂരിനെ ഒഴിവാക്കിയതിനെതിരെ മുസ്ലിം ലീഗും സിപിഐഎമ്മും പരസ്യ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് പ്രഖ്യാപിച്ചു. ആദ്യ പരീക്ഷണ ഓട്ടത്തില്‍ തിരൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പുണ്ടായിരുന്നു. എന്നാല്‍ രണ്ടാമത്തെ തവണ നിര്‍ത്തിയിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel