കേരളത്തിലെ ട്രാക്കില്‍ വന്ദേഭാരതിന് പരമാവധി വേഗത കിട്ടില്ല: മന്ത്രി വി ശിവന്‍കുട്ടി

വന്ദേഭാരതിന് കേരളത്തിലെ റയില്‍വേ ട്രാക്കിലെ നിര്‍മ്മാണ രീതിയുടെ അടിസ്ഥാനത്തില്‍ ഉദ്ദേശിച്ച വേഗത ലഭിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. കേരളത്തിന്റെ ട്രാക്കിന്റെ വേഗക്ഷേമത കൂട്ടാതെ യാത്രയ്ക്ക് വലിയ സമയലാഭം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് മന്ത്രി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

വന്ദേഭാരതിനെ സ്വാഗതം ചെയ്യുന്നു…
വന്ദേഭാരത് ട്രെയിന്‍ വേഗതയിലും സുരക്ഷയിലും യാത്രാ സുഖത്തിനും മുന്തിയ പരിഗണന നല്‍കിയിട്ടുള്ള ട്രെയിന്‍ ആണെങ്കിലും കേരളത്തിലെ ട്രെയില്‍വേ ട്രാക്കിലെ നിര്‍മ്മാണ രീതിയുടെ അടിസ്ഥാനത്തില്‍ ഉദ്ദേശിച്ച വേഗത ലഭിക്കില്ല. കേരളത്തിന്റെ ട്രാക്കിന്റെ വേഗക്ഷേമത കൂട്ടാതെ യാത്രയ്ക്ക് വലിയ സമയലാഭം ഉണ്ടാകാന്‍ സാധ്യതയില്ല.
വന്ദേഭാരതിന്റെ പരമാവധി വേഗത എന്ന് നിശ്ചയിച്ചിരിക്കുന്നത് മണിക്കൂറില്‍ 160 കിലോമീറ്ററാണ്. എന്നാല്‍ ശരാശരി 110 – 130 കിലോമീറ്റര്‍ വേഗതയിലാണ് മണിക്കൂറില്‍ ഇത് ഓടുന്നത്.
കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുന്ന പരമാവധി വേഗത:-
തിരുവനന്തപുരം – കായംകുളം – 100 കിലോമീറ്റര്‍
കായംകുളം – ആലപ്പുഴ – തുറവൂര്‍ –
90 കിലോമീറ്റര്‍
തുറവൂര്‍ – എറണാകുളം – 80 കിലോമീറ്റര്‍
കായംകുളം – കോട്ടയം – എറണാകുളം – 90 കിലോമീറ്റര്‍
എറണാകുളം – ഷൊര്‍ണ്ണൂര്‍ – 80 കിലോമീറ്റര്‍
ഷൊര്‍ണ്ണൂര്‍ – പാലക്കാട് – 110 കിലോമീറ്റര്‍
ഷൊര്‍ണ്ണൂര്‍ – മംഗലാപുരം – 110 കിലോമീറ്റര്‍ എന്നിങ്ങനെയാണ്.
വന്ദേഭാരതിന് അനുവദിച്ചിരിക്കുന്ന പരമാവധി വേഗതയുടെ ഗുണം കേരളത്തിന്
ലഭിക്കാതിരിക്കാനുള്ള പ്രധാന കാരണം ട്രാക്കിന്റെ പരമാവധി വേഗക്ഷമത മണിക്കൂറില്‍ 80 മുതല്‍ 110 കിലോമീറ്റര്‍ ആയി നിജപ്പെടുത്തിയതുകൊണ്ടാണ്. ട്രാക്കില്‍ വിവിധ സ്ഥലങ്ങളില്‍ അനുവദിച്ചിരിക്കുന്ന സ്ഥിരമായ വേഗതാ നിര്‍ദ്ദേശം അനുസരിച്ച് ട്രെയിന്‍ ഓടുമ്പോള്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ശരാശരി വേഗത മണിക്കൂറില്‍ 50 മുതല്‍ 70 വരെ മാത്രമാണ്.
യാത്രാ സമയം കുറച്ച്, സമയം ലാഭിക്കാന്‍ ഹൈസ്പീഡ് ട്രാക്ക് കേരളത്തില്‍ പുതുതായി ഉണ്ടാക്കേണ്ട സാഹചര്യമുണ്ട്. സുരക്ഷിത കോച്ചുകളും അതിലുള്ള യാത്രയും സൗകര്യങ്ങളും കേരളത്തിലെ ജനങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. ഡിസൈനിംഗില്‍ പൊതുമേഖലയില്‍ (റെയില്‍വേയ്ക്ക് കീഴിലുള്ള ഇന്റഗ്രല്‍ കോച്ച് ഫാക്ടറി) തുടങ്ങി സ്വകാര്യ കമ്പനികളില്‍ എത്തി നില്‍ക്കുന്നു വന്ദേ ഭാരതിന്റെ ചരിത്രം,ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ വളരെ കുറച്ചു കോച്ചുകള്‍ മാത്രം നിര്‍മ്മിച്ചാല്‍ മതിയെന്നാണ് കേന്ദ്ര നിര്‍ദ്ദേശം.
കേരളത്തെ റെയില്‍വേ തഴഞ്ഞ ചരിത്രം
ആവി എഞ്ചിന്‍ ആയിരുന്ന കാലത്ത് മീറ്റര്‍ ഗേജില്‍ മണിക്കൂറില്‍ 45 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ഓടുന്ന പാളങ്ങളായിരുന്നു ഉണ്ടായിരുന്നത്.വളവുകളും കയറ്റവും ഇറക്കവും ഉള്ള റെയില്‍പ്പാത ആയിരുന്നു അത്.പിന്നീട് ഡീസല്‍ എഞ്ചിന്‍ വന്നപ്പോള്‍ പരമാവധി മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയുള്ള സിംഗിള്‍ ലെയിന്‍ ബ്രോഡ്‌ഗേജ് വന്നപ്പോഴും വളവുകള്‍ കുറച്ചില്ല, മാറ്റം വരുത്തിയില്ല.
അടുത്ത വികസനമായ ഡബിള്‍ ലെയിന്‍ വന്നപ്പോഴും വേഗത കൂട്ടാനുള്ള നടപടികള്‍ ഉണ്ടായില്ല.1990 നു ശേഷം പണി നടത്തിയ സ്ഥലങ്ങളിലാണ് വേണ്ട മാറ്റങ്ങള്‍ നടത്തി വേഗത മണിക്കൂറില്‍
100 ഉം 110 ഉം ഒക്കെ ആക്കിയത്. കേരളത്തിലെ നിലവിലുള്ള ട്രാക്ക് കപ്പാസിറ്റി 100 ശതമാനത്തില്‍ കൂടുതലാണ്. അതിനാല്‍ പുതിയ ട്രെയിനുകള്‍ ഓടിക്കുന്നത് ബുദ്ധിമുട്ടാകും. ഒപ്പം തന്നെ ട്രാക്ക് കപ്പാസിറ്റി കൂടിയാല്‍ ട്രാക്ക് മെയിന്റനന്‍സ് നടത്താനുള്ള സമയവും പരിമിതമാകും.
തിരുവനന്തപുരം, എറണാകുളം സ്റ്റേഷനുകള്‍ അടക്കം ട്രെയിന്‍ പുറപ്പെടുവാനും വരുവാനും പ്ലാറ്റ് ഫോമുകളുടെ എണ്ണം കുറവാണ്.
കോച്ചുകള്‍ സ്റ്റേബിള്‍ ചെയ്യാന്‍ സ്‌പെയര്‍ ട്രാക്ക് ഇല്ല. ഇതെല്ലാം ട്രെയിനുകളുടെ വേഗത, കൃത്യത എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു.
പുതിയ അതിവേഗ ട്രാക്കിന്റെ സാധ്യതകള്‍:
വേഗത കൂടണമെങ്കില്‍ നിലവിലുള്ള ട്രാക്ക് രണ്ട് വര്‍ഷം കുറഞ്ഞത് അടച്ചിട്ട് പുതിയ സര്‍വ്വെ പ്രകാരം ട്രാക്ക് ഉണ്ടാക്കണം എന്നാണ് അനുമാനം. അത്തരത്തിലുള്ള ഒരു സര്‍വ്വെയുടെ പ്രാരംഭ പ്രവര്‍ത്തനം പോലും റെയില്‍വേ നടത്തിയിട്ടില്ല എന്നതാണ് സാഹചര്യം.
അല്‍പം വിദേശ യാഥാര്‍ഥ്യം :
ലോകത്തെ ഏറ്റവും വേഗതയില്‍ ഓടുന്ന ട്രെയിനുകളുടെ വേഗത മണിക്കൂറില്‍
574 കിലോമീറ്ററിന് മുകളില്‍ ആണ്.
എന്തുകൊണ്ട് സില്‍വര്‍ ലൈന്‍ വേണം?
നിലവിലെ സാഹചര്യത്തില്‍ റെയില്‍വേ ട്രാക്ക് അടക്കം പണി കഴിഞ്ഞു വരണമെങ്കില്‍ 10 മുതല്‍ 15 വര്‍ഷം വരെ എടുക്കും.നിലവിലുള്ളതും 50 വര്‍ഷം മുന്നില്‍ കണ്ടുള്ളതുമായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വേണം ട്രാക്ക് പണിയാന്‍.
ഇവിടെയാണ് സില്‍വര്‍ ലെയിന്‍ പദ്ധതിയുടെ പ്രസക്തി.സില്‍വര്‍ ഒരു ട്രെയിനോ ഒന്നിലധികം ട്രെയിനുകളുടെ ഗതാഗതമോ മാത്രമല്ല വിഭാവനം ചെയ്യുന്നത്.അത് അതിവേഗ ട്രെയിന്‍ യാത്രയെ മൊത്തം അഭിസംബോധന ചെയ്യുന്ന പദ്ധതിയാണ്. ജനങ്ങളുടെ ഭാവിയ്ക്ക് വേണ്ടി, കേരള വികസനത്തിന് വേണ്ടി, വികസിത രാജ്യങ്ങളിലെ ഗതാഗതത്തോട് കിട പിടിക്കാന്‍, യാത്രാ സമയം എത്ര ലാഭിക്കാന്‍ ആകുമോ അത്രയും ലാഭിക്കാനാകണം. അതിന് സില്‍വര്‍ ലെയിന്‍ പോലുള്ള പദ്ധതികള്‍ അനിവാര്യമാണ്.
വന്ദേഭാരത് ഇന്ന് നടത്തിയ ടെസ്റ്റ് റണ്ണില്‍ തിരുവനന്തപുരത്തു നിന്ന് കണ്ണൂരില്‍ ഓടിയെത്താന്‍ ഏഴുമണിക്കൂറും പത്ത് മിനിറ്റുമാണ് എടുത്തത്. അതായത് ജനശതാബ്ദിയോടും രാജധാനിയോടും താരതമ്യം ചെയ്യാവുന്ന സമയം എന്ന് മാത്രം.
എന്നാല്‍ സില്‍വര്‍ ലൈന്‍ ഒരു ബദലാണ് മുന്നോട്ട് വയ്ക്കുന്നത്. അതൊരു സെമി സ്പീഡ് റെയില്‍വേ ലൈന്‍ ആണ്. തിരുവനന്തപുരത്തുനിന്ന് കാസര്‍കോടും തിരിച്ചും ട്രെയിനുകള്‍ ഇടതടവില്ലാതെ ഓടും. അത് റോഡ് ഗതാഗതത്തില്‍ ഉണ്ടാക്കുന്ന വ്യത്യാസം ഒന്ന് ആലോചിച്ചു നോക്കൂ.
ഇന്ന് ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളില്‍
ഹൈ-സ്പീഡ്,സെമി ഹൈ-സ്പീഡ് റെയില്‍വേ സിസ്റ്റങ്ങള്‍ നിര്‍മാണത്തിലാണ്. അവിടൊന്നും കേരളത്തില്‍ ഉണ്ടായ പോലെ അക്രമസമരങ്ങള്‍ നടക്കുന്നില്ല. നാടിന്റെ വികസനത്തെ എല്ലാവരും ഒത്തു ചേര്‍ന്ന് വരവേല്‍ക്കുകയാണ്.
പ്രതിദിനം നൂറിലേറെ സര്‍വീസ് നടത്തുന്ന സില്‍വര്‍ ലൈനിനെ പ്രതിദിനം വിരലില്‍ എണ്ണാവുന്ന സര്‍വീസ് നടത്തുന്ന വന്ദേ ഭാരതുമായി പകരം വയ്ക്കാന്‍ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കല്‍ ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here