
വടകരയില്‍ മോഷ്ടിച്ച ആറ് ബൈക്കുകളുമായി അഞ്ച് വിദ്യാര്‍ഥികള്‍ പിടിയില്‍. വടകരയിലെയും സമീപ പ്രദേശങ്ങളിലെയും സ്‌കൂള്‍ കുട്ടികളാണ് പൊലീസിന്റെ പിടിയിലായത്. വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും മോഷണം പോയ ബൈക്കുകള്‍ ഇവരില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു.
വടകര നഗരത്തിലെ സ്‌കൂളുകളില്‍ ഒമ്പത്, പത്ത് ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് പിടിയിലായത്. വിവിധ ഇടങ്ങളില്‍ നിര്‍ത്തിയിടുന്ന ബൈക്കുകള്‍ മോഷ്ടിച്ച് രൂപമാറ്റം വരുത്തിയും വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ചും ഉപയോഗിക്കുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ഇത്തരം വാഹനങ്ങള്‍ വിൽപ്പനയ്ക്കായല്ല മോഷ്ടിക്കുന്നത്. ഇവരുടെ ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിച്ചത്.
വീടുകളില്‍ ബൈക്കുകള്‍ കൊണ്ടുപോകാത്തതിനാല്‍ രക്ഷിതാക്കള്‍ ഇത് അറിഞ്ഞിരുന്നില്ല. വടകര മേഖലയില്‍ ബൈക്കുകള്‍ നിരന്തരം മോഷണം പോകുന്നത് സംബന്ധിച്ച പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഡി വൈ എസ് പിയുടെ നിര്‍ദേശ പ്രകാരം വടകര പൊലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്കള്ളന്മാര്‍ പിടിയിലായത്. ബൈക്കുകളുടെ ലോക്ക് തകര്‍ത്തായിരുന്നു മോഷണം. ചില ബൈക്കുകള്‍ നിറം മാറ്റം വരുത്തിയിരുന്നു. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥികളായതിനാല്‍ ഇവരെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here