
വട്ടിയൂർക്കാവിൽ വധശ്രമ കേസ് പ്രതിയായ ബിജെപി കൗൺസിലർ സുഗതന്റെ അറസ്റ്റിനിടെ പൊലീസ് വെടിയുതിർത്തതിൽ മന്ത്രിമാരായ കെ മുരളീധരനും രമേശ് ചെന്നിത്തലയും തമ്മിൽ പോര് മുറുകുന്നു. സി.പി.ഐ.എം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് ബി.ജെ.പി കൗൺസിലറായ ആർ. സുഗതൻ. ഇയാളെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിലുണ്ടായ പൊലീസ് വെടിവെപ്പിനെച്ചൊല്ലിയാണ് കോൺഗ്രസിനുള്ളിൽ ഇപ്പോൾ തർക്കം രൂക്ഷമാകുന്നത്.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ആരോഗ്യമന്ത്രി കെ. മുരളീധരനും ഈ വിഷയത്തിൽ പരസ്യമായി വിഭിന്ന നിലപാടുകൾ സ്വീകരിച്ചത് ചർച്ചയായിരിക്കുകയാണ്. തന്റെ മണ്ഡലത്തിന്റെ ഭാഗമായ വട്ടിയൂർക്കാവിൽ വെടിയൊച്ച ഉയരാൻ പാടില്ലായിരുന്നു കെ മുരളീധരന്റെ വിമർശനം. പൊലീസ് അനാവശ്യമായി പരിഭ്രാന്തി സൃഷ്ടിക്കരുതെന്നും മന്ത്രി കെ. മുരളീധരൻ പറഞ്ഞു. വെടിയൊച്ചകൾ നിലയ്ക്കേണ്ട സമയമായെന്നും ജനങ്ങൾക്കിടയിൽ പൊലീസ് പരിഭ്രാന്തി ഉണ്ടാക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആഭ്യന്തര വകുപ്പിനെതിരെ തന്ന ആയിരുന്നു ആരോഗ്യമന്ത്രിയുടെ വിമർശനം.
ALSO READ: കേന്ദ്രത്തെ വിമർശിക്കാൻ യുഡിഎഫ് സർക്കാരിന് മടി: രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം
എന്നാൽ നേരത്തെ പൊലീസ് നടപടിയെ അഭിനന്ദിക്കുന്ന നിലപാടാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സ്വീകരിച്ചത്. ഗുണ്ടകളെയും കാപ്പാ പ്രതികളെയും പിടികൂടാൻ ശ്രമിക്കുമ്പോൾ പൊലീസിന്റെ മനോവീര്യം തകർക്കരുതെന്നും നിയമപാലകർ അവരുടെ ജോലി കൃത്യമായി നിർവഹിച്ചെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഗുണ്ടകളെയും കാപ്പാ പ്രതികളെയും സ്വൈര്യവിഹാരം നടത്താൻ അനുവദിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
കോൺഗ്രസ് മന്ത്രിമാർക്കിടയിലെ പോര് ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. വധശ്രമം അടക്കം 11 കേസുകളിൽ പ്രതിയാണ് ബിജെപി നേതാവായ ആർ. സുഗതൻ. ഇയാളുടെ അറസ്റ്റ് തടയാൻ ബി.ജെ.പി പ്രവർത്തകർ ശ്രമിച്ച ഘട്ടത്തിൽ ആകാശത്തേക്ക് പൊലീസ് വെടിവെക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

