ഇനിയും നിന്‍ കഥ പറയൂ..

ബിജു മുത്തത്തി
വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്  എന്നു കേൾക്കുന്നതുപോലെ മനോഹരമായൊരു വാർത്തയില്ല;  ആ അവാർഡിന്റെ ചരിത്രത്തിലും.
വയലാർ ഒരു വരിയെഴുതിയാൽ അതേ ഭംഗിയിൽ
രണ്ടാമത്തെ വരിയെഴുതാനാവുന്നയാൾ ശ്രീകുമാരൻ തമ്പിയാണെന്ന് തോന്നാത്ത ആരുണ്ട്; തിരിച്ചും?
നമ്മുടെ അറിവില്ലായ്മ കൊണ്ട്
എത്രയെത്ര പാട്ടുകൾ നമ്മൾ വയലാറിന്റേതെന്ന് കരുതി
അങ്ങനെ പാടിയിട്ടുണ്ട്? ഇപ്പോഴും എത്രയെത്ര അങ്ങനെ തെറ്റിക്കുന്നു? ഒരർത്ഥത്തിൽ അതെല്ലാം ശ്രീകുമാരൻ തമ്പിക്ക് ലഭിച്ച വയലാർ അവാർഡുകൾ തന്നെയായിരുന്നു.
അല്ലെങ്കിലും ‘സന്ധ്യയ്ക്കെന്തിനു സിന്ദൂരം?’
വയലാറിൽ നിന്നും ശ്രീകുമാരൻ തമ്പിയിലേക്ക് സാമ്യകൽപ്പനകൾ നിറഞ്ഞ ഒരു അദൃശ്യമായൊരു പാത വെട്ടിയിട്ടുണ്ട് എന്നും പാമരരായ പാട്ടുകാർ. വിശാലമായ കാഴ്ചയിൽ അതെല്ലാം ഈ പാട്ടെഴുത്തുകാരനെ വയലാറിന് സമശീർഷനാക്കുന്നു;
വയലാർ, ഭാസ്കരൻ മാഷ്, ഒഎൻവി തലമുറയിലെ ഇളമുറക്കാരനെങ്കിലും.
പക്ഷേ, പാട്ടെഴുതിയാൽ മാത്രം പോരല്ലോ തമ്പി സാറിന്. മുപ്പതോളം സിനിമകളുടെ സംവിധായകൻ. എൺപതോളം സിനിമകളുടെ എഴുത്തുകാരൻ. നിർമാതാവ്.
നോവലിസ്റ്റ്. എഞ്ചിനിയർ.
ഇപ്പോഴിതാ ആത്മകഥയും- ആത്മഗാനം പോലെ താളമിടുന്ന ‘ജീവിതം ഒരു പെൻഡുലം.’
പുസ്തകത്തിന് സുഭാഷ് ചന്ദ്രന്റെ
അതിമനോഹരമായൊരു അവതാരികയുണ്ട്; ചന്ദ്ര ബിംബം നെഞ്ചിലേറ്റും പുള്ളിമാനെപ്പോലെ. അതിൽ തമ്പി സാർ പറഞ്ഞ തീഷ്ണമായൊരു വാചകം ഇങ്ങനെയാണ്: “മുപ്പത്തഞ്ച് നാല്പതു വയസ്സിൽ മരിച്ചിരുന്നെങ്കിൽ നിങ്ങൾ ശ്രീകുമാരൻ തമ്പിയെ ഒരു ലെജൻഡായി ആഘോഷിച്ചേനേ! “
നാൽപ്പത്തിയേഴാമത്തെ വയസ്സിൽ മരിക്കാതെ വയലാർ ഇന്ന് ജീവിച്ചിരുന്നെങ്കിലും സ്ഥിതി ഇതു തന്നെയാവും. മരണാനന്തര ബഹുമതികൾ കൊണ്ടല്ലാതെ കലാകാരന്മാർ മഹാനാവുന്നില്ല! അതു കണ്ടറിഞ്ഞവർ അനുശോചനക്കുറിപ്പുകൾ
നേരത്തേ വായിച്ചാസ്വദിക്കുന്നു.
ചെറുകാടിന്റെ ജീവിതപ്പാതയ്ക്കു ശേഷം മലയാളത്തിലെഴുതപ്പെട്ട ഏറ്റവും മികച്ച ആത്മകഥ തന്നെ ജീവിതം ഒരു പെൻഡുലം.
ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ..
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here