
മരണം അല്ലെങ്കിൽ ഒരു ദുരന്തം. ഇവ രണ്ടും രാഷ്ട്രീയമായി ഉപയോഗിക്കാൻ കോൺഗ്രസ്സിനേക്കാൾ മിടുക്കരായവർ ഈ ഭൂലോകത്ത് ജനിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. മരണത്തെ ആഘോഷമാക്കാനും, തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നതിനും യാതൊരു മടിയും ഒരുകാലത്തും കോൺഗ്രസ്സ് കാണിച്ചിട്ടില്ല. വീണു കിട്ടിയ അവസരമായേ അവർ അതിനെ കാണുകയുള്ളു. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് മലപ്പുറം വഴികടവിൽ 15 കാരൻ അനന്ദു ഷോക്കേറ്റ് മരിച്ച ദാരുണ സംഭവം. കഴിഞ്ഞ കുറച്ചു കാലമായി കോൺഗ്രസ് കാത്തിരുന്ന അവസരം എന്ന് തോന്നിപ്പിക്കും വിധം തന്നെയായിരുന്നു ഈ വിഷയത്തിൽ കോൺഗ്രസിന്റെ പ്രഹസനങ്ങൾ.
അനന്തുവിനെ മരണം സംഭവിച്ച് മണിക്കൂറുകൾക്കുള്ളിൽ അപകടത്തിന്റെ കാരണം എന്തെന്ന് പോലും തിരക്കാതെ സർക്കാരിന്റെ ചുമലിലേക്ക് അടിച്ചേൽപ്പിക്കാനായിരുന്നു കോൺഗ്രസിന്റെ ആദ്യ ശ്രമം. അതും ആശുപത്രിയിലേക്കുള്ള റോഡ് ഉപരോധിച്ചു കൊണ്ട്. അത്തരമൊരു നീക്കത്തിന്റെ ഉദ്ദേശം എന്തായിരുന്നെന്ന് അരിയാഹാരം കഴിക്കുന്ന കേരളത്തിലെ ഏതൊരാൾക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ശേഷം പ്രതിഷേധവും, ഉപരോധവുമൊക്കെ കഴിഞ്ഞ ക്ഷീണത്തിൽ നേതാക്കന്മാർ എല്ലാവരും കൂടി ഒരു ചായ കുടിക്കാൻ പോയി.
ALSO READ; വഴിക്കടവ് അപകടം: ഏഴ് മാസം മുമ്പ് പരാതി അറിയിച്ചിരുന്നു എന്ന ആരോപണം വസ്തുതാവിരുദ്ധം: കെഎസ്ഇബി
ചായക്കൊപ്പം ഒരു ഫോട്ടോയും. വീണുകിട്ടിയ അവസരം മുതലാക്കിയതിനും, ഒരു കലാപത്തിന് ആഹ്വനം ചെയ്തതിന്റെ ആശ്വാസവും ഒക്കെ ജ്യോതികുമാർ ചാമക്കാല ഉൾപ്പെടെയുള്ള എല്ലാ കോൺഗ്രസ്സ് നേതാക്കന്മാരുടെയും മുഖത്ത് കാണാൻ കഴിയും ആ ഫോട്ടോയിൽ. എന്നാൽ നേരം പുലരും വരെയേ ജ്യോതികുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റിന് ആയുസുണ്ടായിരുന്നുള്ളു. എന്തുകൊണ്ടായിരിക്കും കോൺഗ്രസ് നേതാവ് ആ പോസ്റ്റ് പിൻവലിച്ചത്. ഈ ചോദ്യത്തിന്റെ ഉത്തരത്തിലുണ്ട് കോൺഗ്രസ് എന്തായിരുന്നു വഴിക്കടവിൽ ഉദ്ദേശിച്ചതെന്ന്.
മരണം ആഘോഷമാക്കുകയും, അത് രാഷ്ട്രീയ ആയുധമാക്കുകയും ചെയ്യുന്ന നെറികെട്ട പരിപാടി കോൺഗ്രസ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 1991 ൽ ഇന്ത്യയെ നടുക്കിയ രാജീവ് ഗാന്ധിയുടെ മരണവും കേരളത്തിലെ കോൺഗ്രസുകാർ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചിരുന്നു. 1991 മെയ് 21 നായിരുന്നു രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. ലോക്സഭയിലേക്കും, നിയമസഭയിലേക്കും ഒരുമിച്ചു തെരഞ്ഞെടുപ്പ് നടക്കുന്നു എന്ന പ്രത്യേകതയും ആ തെരഞ്ഞെടുപ്പിന് ഉണ്ടായിരുന്നു. അങ്ങനെ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിച്ച ഘട്ടത്തിലായിരുന്നു ആ വാർത്ത എത്തുന്നത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. എന്നാൽ കേരളത്തിലെ യുഡിഎഫിന് അതൊരു ആഘോഷ വാർത്തയായിരുന്നു.
ALSO READ; ലോഡ്ഷെഡ്ഡിങ് എന്താണെന്ന് അറിയാത്ത തലമുറയുണ്ട് ഇവിടെ; പിണറായി സര്‍ക്കാര്‍ മായ്‌ച്ചുകളഞ്ഞ വാക്ക്
തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയും, തുടർന്ന് ഒരു മാസത്തിന് ശേഷം നടത്തുകയും ചെയ്തു. ഈ സമയത്തിനിടയിൽ യുഡിഎഫ് അഴിച്ചു വിട്ട പ്രചാരണം ഇങ്ങനെയായിരുന്നു. രാജീവ് ഗാന്ധിയെ നിഷ്കരുണം കൊലപെടുത്തിയ ‘ഇടതുപക്ഷ കാപാലികരെ’ ഒറ്റപ്പെടുത്തുക. ഇതിനു സമാനമായ കുതന്ത്രം തന്നെയാണ് ഇപ്പോൾ നിലംബൂർ ഉപതെരഞ്ഞെടുപ്പിലും യുഡിഎഫ് പയറ്റാൻ ശ്രമിച്ചത്. കോൺഗ്രസ്സ് പ്രവർത്തകൻ ആയ വിനീഷ് വച്ച പന്നികെണിയിൽ നിന്ന് ഷോക്കേറ്റു അനന്ദു എന്ന കൗമാരക്കാരൻ മരണപ്പെട്ട് മണിക്കൂറുകൾ ആകും മുൻപേ കോൺഗ്രസ്സ് അലമുറയിട്ടത് സർക്കാർ സ്പോൺസർഡ് കൊലപാതകം എന്നായിരുന്നു.
എന്നാൽ കുളം കലക്കി മീൻ പിടിക്കുകയാണ് കോൺഗ്രസ് എന്നത് കൃത്യവും, വ്യക്തവുമായി കേരളത്തിലെ ഇടതുപക്ഷം തുറന്നു കാട്ടി. രാഷ്ട്രീയ മാന്യത പാലിച്ചു കൊണ്ട് തന്നെ ഈ അപവാദത്തിനും, കലാപാഹ്വനത്തിനും എതിരെ ശബ്ദമുയർത്തി. ഏതാപത്തിനെയും 10 വോട്ടാക്കി മാറ്റാനുള്ള കുതന്ത്രത്തിന്റെ പേരാണ് കോൺഗ്രസ്സ്. അതുകൊണ്ട് തന്നെയാണ് മരണത്തിന്റെ വ്യാപാരികൾ എന്ന പേര് കോൺഗ്രസിന് മുകളിൽ പതിച്ചതും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here