
ഒടുവിൽ പേരിന് വിമർശനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. വി സിമാർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് ഗുരുതരമായ വീഴ്ചയെന്ന് സമ്മതിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു. ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവകരമായ കാര്യമാണെന്ന് അദ്ദേഹം പോസ്റ്റിൽ കുറിച്ചു. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് ഇതുവരെ ഒരക്ഷരം മിണ്ടാതിരുന്ന വി ഡി സതീശൻ പേരിനൊരു പ്രതികരണവുമായി എത്തിയിരിക്കുന്നത്.
വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരത്തിലുള്ള നടപടികൾ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അത് അംഗീകരിക്കില്ലെന്നും വച്ചുപൊറുപ്പിക്കില്ലെന്നും വി.ഡി സതീശൻ പോസ്റ്റിൽ പറയുന്നു. ഈ സാഹചര്യത്തിൽ, ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വൈസ് ചാൻസലർമാരും കേരളത്തോട് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേരളത്തിൽ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പരിപാടിയിൽ സംസ്ഥാനത്തെ മൂന്ന് വിസിമാർ പങ്കെടുത്തത് അത്യന്തം ഗൗരവത്തോടെയാണ് മതേതര കേരളം കാണുന്നത് എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞിരുന്നു. സർവകലാശാലകളിൽ സംഘപരിവാർ അജണ്ടകൾ അടിച്ചേൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കാജനകമായ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. അത്തരമൊരു ഘട്ടത്തിലാണ് കേരള, എംജി, മലയാളം സർവകലാശാലാ വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ എങ്ങനെ പിടിമുറുക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു എന്നതിന്റെ പ്രകടമായ ഉദാഹരണമാണിത്. ഇതിനെതിരെ മുഖ്യമന്ത്രിയോ മന്ത്രിമാരോ യുഡിഎഫിലെ കക്ഷികളോ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിന് പിന്നാലെ ആണ് ഈ ഫേസ്ബുക്ക് പോസ്റ്റ്
പോസ്റ്റിന്റെ പൂർണരൂപം
ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നു. ഗുരുതരമായ വീഴ്ചയാണ് വൈസ് ചാൻസലർമാർക്ക് ഉണ്ടായത്. കേരളത്തിൻ്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർമാരുടെ അന്തസിനും നിരക്കാത്തതാണത്.
കേരളീയ പൊതുസമൂഹത്തിന് വൈസ് ചാൻസലർ പദവിയോട് ആദരവുണ്ട്. അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വർഗീയത പറയുന്ന ആർ.എസ്.എസ് നേതാവിൻ്റെ പരിപാടിയിൽ ഇവർ പങ്കെടുത്തത്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ല. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വി.സിമാരും കേരളത്തോട് മാപ്പ് പറയണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

