
വകുപ്പ് വിഭജനം പൂർത്തിയാക്കാൻ സാധിക്കാതെ യുഡിഎഫ് സർക്കാർ. വി ഡി സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്തിന് പിന്നാലെ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം ഇറങ്ങും എന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്. എന്നാൽ കോൺഗ്രസിനുള്ളിലെ തർക്കവും പ്രധാന ഘടകകക്ഷിയായ ലീഗ് സമവായത്തിന് തയ്യാറാകാത്തതും കാരണം വകുപ്പ് വിഭജനം ഇതുവരെ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ഫിഷറീസ് ഉന്നത വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളെ ചൊല്ലിയാണ് കോൺഗ്രസിലും ലീഗിലും തർക്കം നിലനിൽക്കുന്നത്.
ഫിഷറീസ് കോൺഗ്രസ് കൈകാര്യം ചെയ്യണം എന്നതാണ് ഇടഞ്ഞു നിൽക്കുന്ന ലത്തീൻ സഭയുടെ ആവശ്യം. എന്നാൽ ഫിഷറീസ് നൽകിയാലേ ഉന്നത വിദ്യാഭ്യാസം വിട്ടു നൽകും എന്നതാണ് ലീഗിൻറെ നിലപാട്. ഇതിനുപുറമേ നിലവിൽ ലഭിച്ച വകുപ്പുകളിൽ മാറ്റം ആവശ്യപ്പെട്ട് മന്ത്രിമാർ രംഗത്തെത്തി കഴിഞ്ഞു. നാളെ നിയമസഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കുന്ന സാഹചര്യത്തിൽ ഇന്ന് തന്നെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള തീവ്രശ്രമത്തിലാണ് മുഖ്യമന്ത്രി.
also read:സത്യപ്രതിജ്ഞാ വേദിയിൽ വന്ദേമാതരം മുഴുവനായി ആലപിച്ചത് അനുചിതം : ബിനോയ് വിശ്വം
മാണി സി കാപ്പനും മന്ത്രി പദത്തിനായി ഇടഞ്ഞുനിൽക്കുകയാണ്. മന്ത്രി പദത്തിന് പകരം രണ്ടര വർഷം വേറെ പദവി വേണമെന്നാണ് ആവശ്യം. കെ മുരളീധര് ആരോഗ്യ വകുപ്പ് നൽകുന്നതിൽ എ പി അനിൽകുമാർ അതൃപ്തിയിലാണ്. അതേസമയം, പ്രധാന വകുപ്പുകൾ മുന്നോക്ക വിഭാഗത്തിന് മാത്രമെന്ന ആക്ഷേപവും ഉയരുന്നുണ്ട്. വകുപ്പുകൾ മുസ്ലിം, ക്രിസ്ത്യൻ, നായർ വിഭാഗങ്ങൾക്കായി പങ്കുവച്ചെന്നും പിന്നോക്ക വിഭാഗങ്ങളെ അവഗണിച്ചെന്നുമാണ് ആക്ഷേപം. എന്നാൽ കെസി വിഭാഗം തുറമുഖ വകുപ്പിനായാണ് സമ്മർദ്ദം ചെലുത്തുന്നത്.എന്തിനാണ് മുഖ്യമന്ത്രിക്ക് ധനകാര്യത്തിനൊപ്പം തുറമുഖം നൽകിയതെന്നും ചർച്ച ഉയരുന്നുണ്ട്. പിടിവാശിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

