
കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ആശ്വാസമായ ക്ഷേമപെൻഷനെ അധിക്ഷേപിച്ച് കെ സി വേണുഗോപാലിനെ നിരുപാധികം പിന്തുണച്ച് രംഗത്തെത്തി പ്രതിപക്ഷനേതാവ് വിഡി സതീശൻ. കെ സി വേണുഗോപാലിന്റെ അഭിപ്രായത്തോട് ഉറച്ചുനിൽക്കുന്നതായി വി ഡി സതീശൻ പറഞ്ഞു. പെൻഷൻ കുടിശ്ശിക തെരഞ്ഞെടുപ്പിന് മുൻപ് കൊടുക്കുന്നത് ആളുകളെ കബളിപ്പിക്കാനല്ലേ എന്നും അദ്ദേഹം ചോദിച്ചു.
അതാണ് കെ സി വേണുഗോപാൽ പറഞ്ഞത്. ക്ഷേമപെൻഷൻ വോട്ടർമാരെ സ്വാധീനിക്കാനാണെന്ന് വി ഡി സതീശനും ആവർത്തിച്ചു. അതേസമയം, അൻവറിന്‍റെ ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പ്രതിപക്ഷ നേതാവിന് മറുപടിയുണ്ടായില്ല. അൻവറിന്റെ ആരോപണങ്ങൾക്ക് ഒന്നും പറയാനില്ല എന്നാണ് വി ഡി സതീശൻ പ്രതികരിച്ചത്. ആര് ആഗ്രഹിച്ചാലും മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എ കെ ആൻറണിയുടെ വിവാദ പ്രസ്താവനയിലും വി ഡി സതീശൻ വ്യക്തമായി മറുപടി പറഞ്ഞില്ല. അദ്ദേഹം അങ്ങനെ പറഞ്ഞിട്ടില്ല എന്നാണ് സതീശൻ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. അദ്ദേഹത്തിന്‍റെ വാക്കുകൾ നിങ്ങൾ വളച്ചൊടിക്കുകയാണെന്നും സതീശൻ പറഞ്ഞു. വീഡിയോ ഇപ്പോഴും പ്രചരിക്കുന്നുണ്ട് എന്ന കൈരളി ന്യൂസിന്‍റെ റിപ്പോർട്ടർ ശ്രദ്ധയിൽ പെടുത്തിയപ്പോഴും വിഡി സതീശൻ മറുപടി പറഞ്ഞില്ല. കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി പറയാതെ അദ്ദേഹം വാർത്താസമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു. കേരളത്തിലെ ന്യൂനപക്ഷങ്ങൾ സർക്കാരിനെ സമ്മർദ്ദപ്പെടുത്തി എന്തും നേടാൻ ശ്രമിക്കുന്നു എന്നായിരുന്നു എ കെ ആൻറണി അന്ന് നടത്തിയ വിവാദ പ്രസ്താവന.
നിലമ്പൂർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള യുഡിഎഫ് കൺവെൻഷനിൽ സംസാരിക്കവെയാണ് വേണുഗോപാൽ അധിക്ഷേപ പരാമർശം നടത്തിയത്. തെരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലിയാണ് ക്ഷേമപെൻഷൻ എന്നായിരുന്നു വേണുഗോപാൽ പ്രസംഗിച്ചത്. ജനങ്ങൾക്ക് അവകാശപ്പെട്ട പെൻഷൻ നൽകുന്നതിനെ കൈക്കൂലി എന്ന് വിളിച്ചതിൽ കെ സി വേണുഗോപാലിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. ക്ഷേമപെൻഷൻ കൈക്കൂലി ആക്കിയെന്ന കെ സി വേണുഗോപാലിന്റെ പ്രസ്താവന സാധാരണക്കാരോടുള്ള വെല്ലുവിളി ആണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

