അപകടത്തില്‍ പരുക്കേറ്റ ശബരിമല തീര്‍ഥാടകര്‍ക്ക് മികച്ച ചികിത്സ നല്‍കും: മന്ത്രി വീണാ ജോര്‍ജ്

ഇലവുങ്കല്‍ നാറാണംതോടിനു സമീപം ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞുണ്ടായ
അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അപകടത്തില്‍ പെട്ടവര്‍ക്ക് ചികിത്സയ്ക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ജനറല്‍ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളജിലും ഒരുക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ 42 പേര്‍ ചികിത്സയിലുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ 17 പേരാണ് ചികിത്സയിലുള്ളത്. അവരില്‍ രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ്. വകുപ്പുകളുടെ ഏകോപനത്തോടെ രക്ഷാപ്രവര്‍ത്തനം മികച്ച രീതിയില്‍ നടത്താന്‍ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വീണാ ജോർജ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കോന്നി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. എംഎല്‍എമാരായ അഡ്വ. കെ.യു ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതാകുമാരി, എന്‍.എച്ച്.എം. ഡി.പി.എം ഡോ. എസ്. ശ്രീകുമാര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here