
തനിക്കെതിരെ നടക്കുന്നത് അത്യന്തം ഹീനവും ക്രൂരവുമായ സൈബർ ആക്രമണമെന്ന് ആരോഗ്യമന്ത്രിയും ആറന്മുള എൽഡിഎഫ് സ്ഥാനാർഥിയുമായ മന്ത്രി വീണാ ജോർജ്. ഒരു വ്യക്തിക്ക് എതിരെയും ഉണ്ടാകാൻ പാടില്ലാത്ത കമന്റുകളാണ് സമൂഹ മാധ്യമങ്ങളിൽ വരുന്നതെന്നും എല്ലാ പരിധികളും വിട്ടെന്നും വീണാ ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ലൈംഗിക ചുവയോടെയുള്ള കമന്റുകൾ പോസ്റ്റുകൾക്ക് താഴെ ഉണ്ടാകുന്നു. ഒരു വ്യക്തിക്ക് എതിരെയും, ഒരു സ്ത്രീക്കെതിരെയും ഉണ്ടാകാൻ പാടില്ലാത്ത കമന്റുകളാണ് വരുന്നത്. സൈബർ ആക്രമണം എല്ലാ പരിധികളും വിട്ടു. ആരാണ് ഇതിന് പിന്നിലുള്ളതെന്ന് കണ്ടെത്തട്ടെയെന്ന് പറഞ്ഞ മന്ത്രി സൈബർ ആക്രമണം തുടരുമെന്ന സന്ദേശമാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ സ്റ്റേറ്റ്മെന്റ് നൽകുന്നതെന്നും ചൂണ്ടിക്കാട്ടി.
അങ്ങേയറ്റം അശ്ലീലതയോടും ലൈംഗികത കലർന്ന അറപ്പുളവാക്കുന്ന കമന്റുകളാണ് കോൺഗ്രസ് സൈബർ അനുകൂലികളിൽ നിന്ന് ഉണ്ടാകുന്നത്. ഫേക്ക് ഐഡികളിൽ നിന്നാണ് ഇത്തരം കമന്റുകൾ രേഖപ്പെടുത്തുന്നത്. വർഗീയ പരാമർശങ്ങളും ഇക്കൂട്ടത്തിലുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോയ്ക്കും താഴെയാണ് കോൺഗ്രസ് സൈബർ അനുകൂലികൾ അറപ്പുളവാക്കുന്ന രീതിയിലുള്ള കമന്റുകൾ വരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

