
സംസ്ഥാനത്തെ ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കണമെന്ന് തന്നെയാണ് സർക്കാർ നിലപാടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശാവർക്കർമാർ നിരാഹാര സമരത്തിലേക്ക് പോകുന്നത് ദൗർഭാഗ്യകരമാണ്. കേന്ദ്ര ആരോഗ്യ മന്ത്രിയെ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന എസ് യു സി ഐ വിഭാഗം ആശവർക്കർമാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
ആശ വർക്കർമാർ സമരം തുടങ്ങിയ ഘട്ടത്തിൽ തന്നെ സർക്കാർ നിലപാട് വ്യക്തമാക്കിയതാണ്. സർക്കാരിന് ചെയ്യാൻ കഴിയുന്നത് ചെയ്യുമെന്നും സമരത്തിൽ നിന്ന് പിന്മാറണമെന്നും ആദ്യ ചർച്ചയിൽ മന്ത്രി വീണ ജോർജ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആശമാർ സമരം തുടർന്നു. പിന്നാലെയാണ് മന്ത്രി വീണ്ടും ചർച്ച നടത്തിയത്.
ALSO READ; എം ജി സര്‍വകലാശാലയില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു
ഓണറേറിയം നൽകുന്നത് സംസ്ഥാന സർക്കാരാണ്. ഇൻസെന്റീവ് വർധിപ്പിക്കേണ്ടത് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചേർന്നാണെന്ന് മന്ത്രി പറഞ്ഞു. ആശമാർക്ക് അനുകൂലമായി നിലപാടെടുക്കുന്ന സർക്കാരാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആശ വർക്കാർമാർ നിരാഹാര സമരത്തിലേക്ക് പോകുന്നത് ദൗർഭാഗ്യകരം എന്നും, കേന്ദ്ര ആരോഗ്യ മന്ത്രിയുമായി അടുത്ത ആഴ്ച കൂടിക്കാഴ്ച നടത്തി, ആവശ്യം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. സമരം ചെയ്യുന്ന ആശ വർക്കർമാരുടെ പ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here