
പഴയ വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് വിൽക്കാനോ റീ-രജിസ്റ്റർ ചെയ്യാനോ ഇനി ആർടിഒ ഓഫീസുകൾ കയറി നിരങ്ങേണ്ടി വരില്ല. വാഹന കൈമാറ്റ പ്രക്രിയ ലളിതമാക്കുന്നതിൻ്റെ ഭാഗമായി നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. നിതി ആയോഗ് രൂപീകരിച്ച ഉന്നതതല സമിതിയുടെ ശുപാർശകൾ നടപ്പിലായാൽ അന്തർസംസ്ഥാന വാഹന വിപണിയിൽ വലിയ വിപ്ലവമാകും സംഭവിക്കുക.
നിലവിൽ ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെങ്കിൽ, പഴയ ആർടിഒയിൽ നിന്ന് എൻഒസി വാങ്ങേണ്ടത് നിർബന്ധമാണ്. വാഹനത്തിന് നികുതി കുടിശ്ശികയോ ക്രിമിനൽ കേസുകളോ ഇല്ലെന്ന് ഉറപ്പുവരുത്താനാണ് ഈ രേഖ ഉപയോഗിക്കുന്നത്. എന്നാൽ, പുതിയ നിർദ്ദേശപ്രകാരം ഈ കടമ്പ ഒഴിവാക്കി ‘ഓട്ടോ-ജനറേറ്റഡ് ക്ലിയറൻസ്’ സംവിധാനം നിലവിൽ വരും.
ALSO READ : കാറിലെ സ്പെയർ വീലുകളുടെ വലിപ്പം കുറവ് ? കാരണം ഇതാണ്
രാജ്യത്തെ വാഹനങ്ങളുടെ വിവരങ്ങൾ ഇപ്പോൾ ‘വാഹൻ’ എന്ന കേന്ദ്രീകൃത ഡിജിറ്റൽ ഡാറ്റാബേസിൽ ലഭ്യമാണ്. അതിനാൽ ഒരു സംസ്ഥാനത്തെ ആർടിഒയ്ക്ക് മറ്റൊരു സംസ്ഥാനത്തെ വാഹനത്തിൻ്റെ നികുതി വിവരങ്ങളും ചലാനുകളും ഡിജിറ്റലായി തന്നെ പരിശോധിക്കാം. ഈ സൗകര്യം പ്രയോജനപ്പെടുത്തി എൻഒസി എന്ന കടലാസ് രേഖ പൂർണ്ണമായും ഒഴിവാക്കാനാണ് സമിതി നിർദ്ദേശിച്ചിരിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങുന്ന മലയാളി ഉടമകൾക്ക് ഈ നീക്കം വലിയ ആശ്വാസമാകും. എൻഒസി കിട്ടാനുള്ള കാലതാമസവും ഏജൻ്റുമാരുടെ ചൂഷണവും ഇതോടെ അവസാനിക്കും. വാഹനങ്ങളുടെ ആയുസ്സ് നിർണ്ണയിക്കുന്നതിൽ നിലവിലുള്ള ‘വർഷം’ എന്ന മാനദണ്ഡത്തിന് പകരം ‘ഫിറ്റ്‌നസ്’ അടിസ്ഥാനമാക്കിയുള്ള യോഗ്യത കൊണ്ടുവരാനും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.
ALSO READ : കാറിൽ എസി എത്രത്തോളം നേരം ഉപയോഗിക്കുന്നോ, അത്രയും ഇന്ധനനഷ്ടം; മൈലേജ് കൂട്ടാൻ ഈ കാര്യങ്ങള്‍ പരീക്ഷിക്കൂ…
ഡൽഹി പോലുള്ള നഗരങ്ങളിൽ 15 വർഷം കഴിഞ്ഞ വാഹനങ്ങൾക്കുള്ള കർശന നിയന്ത്രണം മൂലം ഉടമകൾ തുച്ഛമായ വിലയ്ക്ക് വണ്ടി വിറ്റഴിക്കേണ്ടി വരുന്ന സാഹചര്യം ഇതോടെ മാറിയേക്കും. കൃത്യമായ ഫിറ്റ്‌നസ് ഉണ്ടെങ്കിൽ പഴയ വാഹനങ്ങൾക്കും നിരത്തിൽ തുടരാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

