
കേരളത്തിൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ യഥാർത്ഥ ശിൽപ്പി കെ.സി. വേണുഗോപാലാണെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തെരഞ്ഞെടുപ്പിൽ ഫണ്ട് സമാഹരിക്കുന്നതിലും, പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായി സ്ഥാനാർത്ഥികളെ നിർത്തുന്നതിലും അദ്ദേഹം മികച്ച നേതൃപാടവമാണ് കാഴ്ചവെച്ചതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പ്രസിഡന്റും സോണിയ ഗാന്ധിയും കഴിഞ്ഞാൽ മൂന്നാം സ്ഥാനമുള്ള അതികായനാണ് കെ.സി. വേണുഗോപാൽ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഇന്ത്യയിലെ വലിയ കരിമ്പിൻ തോട്ടങ്ങൾ മേയാൻ സൗകര്യമുള്ളപ്പോൾ അദ്ദേഹം കേരളത്തിലെ കറുകപ്പുല്ല് തിന്നാൻ വരുമോ എന്ന് സംശയമാണ്’ എന്നായിരുന്നു വേണുഗോപാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുമോ എന്ന ചോദ്യത്തിന് വെള്ളാപ്പള്ളിയുടെ പരിഹാസരൂപേണയുള്ള മറുപടി. എങ്കിലും ഭൂരിപക്ഷം എം.പിമാരും എം.എൽ.എമാരും അദ്ദേഹത്തിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: ‘രമേശ് ചെന്നിത്തല ദില്ലിയ്ക്ക് പോയത് എന്തിനെന്ന് എനിക്കറിയില്ല’; പ്രതികരിക്കാതെ സണ്ണി ജോസഫ്
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റുള്ളവരെക്കുറിച്ചും അദ്ദേഹം തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. ഏറ്റവും കൂടുതൽ പ്രവർത്തന പാരമ്പര്യവും പരിചയസമ്പത്തുമുള്ള നേതാവാണ് ചെന്നിത്തലയെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരെയും യോജിപ്പിച്ചു കൊണ്ടുപോകാനുള്ള കഴിവും വിവാദങ്ങളില്ലാത്ത വ്യക്തിത്വവുമാണ് അദ്ദേഹത്തിന്റേതെന്നും വെള്ളാപ്പള്ളി കൂട്ടിചേർത്തു. സതീശൻ മികച്ചൊരു പ്രതിപക്ഷ നേതാവായിരുന്നുവെന്നും അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാൻ മുസ്ലിം ലീഗിന്റെ രഹസ്യ പിന്തുണയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആരാണ് മുഖ്യമന്ത്രിയാകേണ്ടതെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡാണെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

