താന്‍ കുറ്റക്കാരനാകണമെന്ന് അന്വേഷണ സംഘം ആഗ്രഹിച്ചിരുന്നു; പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍

എസ്.എന്‍ കോളേജ് കനക ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ ആദ്യ കുറ്റപത്രത്തില്‍ വിചാരണ തുടരാമെന്ന ഹൈക്കോടതി ഉത്തരവില്‍ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍. വിധി തിരിച്ചടി അല്ലെന്നും തിരിച്ചടി ഉണ്ടായി എന്നൊക്കെ സൗകര്യം പോലെ വ്യാഖ്യാനിക്കാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സത്യാവസ്ഥ ബോധ്യപ്പെടുത്തി നിരപരാധിയാണെന്ന് തെളിയിക്കാന്‍ സാധിക്കും.

അഭിഭാഷകരുമായി ആലോചിച്ച് മേല്‍ക്കോടതിയെ സമീപിക്കുന്ന കാര്യം തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. അന്വേഷണസംഘം താന്‍ കുറ്റക്കാരനാകണമെന്ന് ആഗ്രഹിച്ചിരുന്നു. കുറ്റക്കാരനാണെന്ന് പ്രഖ്യാപിക്കുന്നത് വരെ തനിക്ക് എസ്എന്‍ഡിപിയിലും ട്രസ്റ്റിലും മത്സരിക്കാം. കോടതിയെ ഞാന്‍ കുറ്റം പറയില്ല. എസ്എന്‍ ട്രസ്റ്റിന് ലാഭം ഉണ്ടാക്കിക്കൊടുത്ത വ്യക്തിയാണ് താനെന്നും വിചാരണ നേരിടണമെന്നത് മത്സരിക്കുന്നതിന് തടസ്സമല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

കേസ് തുടരേണ്ടതില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സിജെഎം കോടതി ഉത്തരവ് നിയമപരമല്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ വ്യക്തമാക്കി. 1998 എസ്.എന്‍ കോളേജ് കനക ജൂബിലി ഫണ്ട് വക മാറ്റിയെന്നാണ് കേസ്.

1 കോടി രൂപ പിരിച്ചെടുത്തതില്‍ 55 ലക്ഷം രൂപ പൊതുജന പങ്കാളിത്തമുള്ള കമ്മിറ്റി അറിയാതെ എസ്.എന്‍ ട്രസ്റ്റിലേക്ക് മാറ്റി.കമ്മിറ്റി ചെയര്‍മാനായിരുന്നു വെള്ളാപ്പള്ളി. ഇതിനെതിരെ അന്ന് കൊല്ലം എസ് എന്‍ ഡി പി വൈസ് പ്രസിഡന്റും, ട്രസ്റ്റിന്റെ ബോര്‍ഡ് അംഗവുമായിരുന്ന സുരേന്ദ്ര ബാബു ആണ് കോടതിയെ സമീപിച്ചത്.

വെള്ളാപ്പള്ളി വീണ്ടും കേസിലെ പ്രതിയായതോടെ എസ്.എന്‍ ട്രസ്റ്റിലെ സ്ഥാനം തുടരുന്നതില്‍ നിയമപ്രശ്നമുണ്ട്. പുതിയ നിയമാവലി പ്രകാരം കേസ് അന്വേഷണം നേരിടുന്നവര്‍ സ്ഥാനങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ് ഹൈക്കോടതി വിധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News