‘മൃതദേഹത്തിന് അരികിലിരുന്ന് സിഗരറ്റ് വലിച്ചു’; സങ്കടമോ കുറ്റബോധമോ ഇല്ലാതെ അഫാന്‍; രണ്ടാംഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി

venjaramoodu-murder-afan

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പ്രതി അഫാനുമായുള്ള രണ്ടാംഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി. അച്ഛന്റെ സഹോദരന്‍ അബ്ദുല്‍ ലത്തീഫ്, ഭാര്യ സാജിത ബീവി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കിളിമാനൂര്‍ പോലീസ് അഫാനുമായി തെളിവെടുപ്പ് നടത്തിയത്. യാതൊരു കുറ്റബോധവും ഇല്ലാതെയാണ് പോലീസിനോട് പ്രതി കൊലപാതകം വിവരിച്ചത്.

ചുള്ളാളത്തെ അബ്ദുല്‍ ലത്തീഫിന്റെ വീട്ടിലാണ് പ്രതി അഫാനെ തെളിവെടുപ്പിനായി ആദ്യമെത്തിച്ചത്. ലത്തീഫിനെയും ഭാര്യ സാജിത ബീവിയെയും കൊലപ്പെടുത്തിയത് അഫാന്‍ പോലീസിനോട് വിവരിച്ചു. അബ്ദുള്‍ ലത്തീഫിനെ കൊലപ്പെടുത്തിയത് കണ്ടതിനാലാണ് ഭാര്യ സാജിതയെയും വകവരുത്തിയതെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. മുഖത്തും ശരീരഭാഷയിലും യാതൊരു ഭാവദേദവുമില്ലാതെയാണ് രണ്ടാം ഘട്ട തെളിവെടുപ്പിലും പൊലീസിനോട് അഫാന്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

കൊലപാതക ശേഷം മൃതദേഹത്തിന് അരികിലിരുന്ന് സിഗരറ്റ് വലിച്ചതായും അഫാന്‍ പോലീസിനോട് പറഞ്ഞു. തൊട്ടടുത്ത പറമ്പില്‍ വലിച്ചെറിഞ്ഞ ലത്തീഫിന്റെ ഫോണും, വീടിന്റെ താക്കോലും തെളിവെടിപ്പിനിടെ പോലീസ് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നതിലൂടെ അഫാന്റെ മൊഴി കൂടുതല്‍ സ്ഥിരീകരിക്കാന്‍ കഴിയുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

തുടര്‍ന്ന് പേരമലയിലെ വീട്ടില്‍ എത്തിച്ച പ്രതി ആക്രമിക്കാനായി വാങ്ങിയ ഒരു കിലോ വരുന്ന മുളകുപൊടിയും പോലീസിന് എടുത്ത് നല്‍കി. തുടര്‍ന്ന് സിഗരറ്റ്, എലിവിഷം, ചുറ്റിക, പെപ്‌സി, മുളക്‌പൊടി, ബാഗ് എന്നിവ വാങ്ങിയ കടകളിലും അഫാനെ എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. നാളെ ഉച്ചയ്ക്കുശേഷം അഫാനെ കോടതിയില്‍ ഹാജരാക്കും. അതിനുശേഷം ആകും സുഹൃത്ത് ഫര്‍സാനയെയും , അനിയന്‍ അവസാനെയും കൊലപ്പെടുത്തിയ കേസില്‍ വെഞ്ഞാറമൂട് പോലീസ് അഫാനെ കസ്റ്റഡിയില്‍ വാങ്ങുക. അതേസമയം അഫാന്റെ ഉമ്മ ഷെമിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് icuവില്‍ നിന്ന് മുറിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News